
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിലെ വിസ്മയംപോലെ മന്ത്രിസഭാ രൂപീകരണത്തിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
വേറിട്ട നായകനായി. ടീം യു.ഡി.എഫായി തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണി അധികാരം ഏൽക്കുന്നതും ടീം യു.ഡി.എഫായി വേണമെന്ന് വി.ഡി. സതീശന് നിർബന്ധമുണ്ടായിരുന്നു. ആറു പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്.
അവകാശവാദങ്ങളുമായി ശക്തമായി നിലയുറപ്പിച്ച ഘടകകക്ഷികളെയും കോൺഗ്രസിലെ തന്നെ എം.എൽ.എമാരെയും ഒന്നര ദിവസത്തെ ചർച്ചകൾ കൊണ്ടു മെരുക്കാനായി. പേരുകൾ മാറിയും മറിഞ്ഞും ഇടംപിടിക്കുകയും മുറുമുറുപ്പുകൾ ഉയരുകയും ചെയ്‌തെങ്കിലും വൈകിട്ടോടെ അവസാന പട്ടികയായി. 20 മന്ത്രിമാരുടെ പട്ടിക വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി. ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
മുഖ്യമന്ത്രി ഉൾപ്പെടെ14 പേർ പുതുമുഖങ്ങളാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നു രണ്ട് പേരുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ പതിനൊന്നു പേരാണ് കോൺഗ്രസിൽ നിന്നുള്ളത്. ഒമ്പത് അംഗങ്ങളുള്ള ഈഴവ സമുദായത്തിന് ലഭിച്ചത് മൂന്ന് മന്ത്രി സ്ഥാനങ്ങൾ മാത്രം. മുതിർന്ന നേതാവ് തിരുവഞ്ചൂർരാധാകൃഷ്ണനാണ് സ്പീക്കർ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം കേരള നിയമസഭയിൽ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ വരുന്നത്.
ചാണ്ടിഉമ്മൻ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. റോജി എം. ജോൺ ഇടംപിടിച്ചു. ഒ.ജെ. ജനീഷ് അവസാന നിമിഷമാണ് ഉൾപ്പെട്ടത്. മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ മുഴുവൻ സമയ മന്ത്രിയായിരുന്ന അനൂപ് ജേക്കബിന് ഇക്കുറി രണ്ടര വർഷമേ ലഭിക്കൂ എന്നാണ് അറിയുന്നത്. ബാക്കി രണ്ടര വർഷം യു.ഡി.എഫ് സ്വതന്ത്രൻ മാണി സി. കാപ്പന് ലഭിക്കും. കെ.എ. തുളസിക്ക് ആദ്യ രണ്ടര വർഷവും തുടർന്ന് ഐ.സി. ബാലകൃഷ്ണനുമാവും ലഭിക്കുക. ഭൂരിപക്ഷമന്ത്രിമാരും കെ.സി പക്ഷക്കാരാണെങ്കിലും ചെന്നിത്തല ആവശ്യപ്രകാരമാണ് തുളസിയെയും ബാലകൃഷ്ണനെയും പരിഗണിച്ചത്. ഔദ്യോഗികമായി ഈ ധാരണ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗിൽ പാറയ്ക്കൽ അബ്ദുള്ളയെ ഒഴിവാക്കിയാണ് പി.കെ. ബഷീറിനെ ഉൾപ്പെടുത്തിയത്.
മന്ത്രിമാർ
#മുഖ്യമന്ത്രി വി.ഡി.സതീശൻ. രമേശ് ചെന്നിത്തല, കെ,മുരളീധരൻ, സണ്ണിജോസഫ്, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ,ടി.സിദ്ദിഖ്, എം.ലിജു, റോജി.എം ജോൺ, ബിന്ദുകൃഷ്ണ, കെ.എ.തുളസി, ഒ.ജെ.ജനീഷ്
#പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ,കെ.എം.ഷാജി, വി.ഇ.അബ്ദുൾഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാർ.
# കേരള കോൺഗ്രസിന്റെ മോൻസ് ജോസഫ്. അപുജോൺ ജോസഫ് ചീഫ് വിപ്പ്. ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് മന്ത്രി
#ആർ.എസ്.പിയുടെ ഷിബുബേബിജോൺ. സി.എം.പിയുടെ സി.പി.ജോൺ.
സത്യപ്രതിജ്ഞയ്ക്ക്
പ്രമുഖരുടെ വൻനിര
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എം.പി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ് വന്ദർ സിംഗ് സുക്കു, പ്രതിപക്ഷ നേതാവ് പിണറായിവിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിവർ പങ്കെടുക്കും.
മന്ത്രിമാരും സാദ്ധ്യതാ വകുപ്പും
വി.ഡി. സതീശൻ (മുഖ്യമന്ത്രി) - ധനം, തുറമുഖം, നിയമം, പൊതുഭരണം
രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്
പി.കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐ.ടി, ഹജ്ജ്, വഖഫ്
സി.പി. ജോൺ - ഗതാഗതം
മോൻസ് ജോസഫ് - ജലവിഭവം
കെ. മുരളീധരൻ - വൈദ്യുതി
സണ്ണി ജോസഫ് - റവന്യു
ഷിബു ബേബി ജോൺ - തൊഴിൽ
അനൂപ് ജേക്കബ് - ഭക്ഷ്യം
എ.പി. അനിൽകുമാർ - ആരോഗ്യം
പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം
എം. ലിജു - എക്സൈസ്
പി.കെ. ബഷീർ - പൊതുമരാമത്ത്
എൻ. ഷംസുദ്ദീൻ - വിദ്യാഭ്യാസം
കെ.എം. ഷാജി - തദ്ദേശ സ്വയംഭരണം
ടി. സിദ്ദിഖ് - വനം
ബിന്ദു കൃഷ്ണ - വനിത, ശിശുക്ഷേമ വകുപ്പ്
ഒ.ജെ. ജനീഷ് - യുവജനക്ഷേമം
റോജി എം. ജോൺ - (വകുപ്പ് തീരുമാനമായില്ല)
കെ.എ. തുളസി - എസ്.സി, എസ്.ടി വകുപ്പ്
വി.ഇ. അബ്ദുൽ ഗഫൂർ - ഫിഷറീസ്
മുസ്ലീം ലീഗിലും
ടേം വ്യവസ്ഥ
തിരുവനന്തപുരം: മുസ്ലിം ലീഗിലും മന്ത്രിസ്ഥാനത്തിൽ ടേം വ്യവസ്ഥ. രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാറേണ്ട മന്ത്രിയാരെന്ന് പിന്നീട് തീരുമാനിക്കും.
തിരുവനന്തപുരം നന്ദാവനത്തുള്ള പാണക്കാട് ഹാളിൽ ചേർന്ന നേതൃയോഗമാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. പാറയ്ക്കൽ അബ്ദുള്ളയെ മന്ത്രിയാക്കാനായിരുന്നു ശനിയാഴ്ച ധാരണ. പാർട്ടിയിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധമുയർന്നതോടെയാണ് മാറ്റം. 'ഇനിയൊരു അവസരം കിട്ടാൻ സാദ്ധ്യതയില്ലാത്ത പി.കെ.ബിയോട് നീതി കാണിക്കണം', 'സീതി ഹാജിയോട് ചെയ്ത അനീതി ബഷീറിനോട് കാണിക്കരുത്', എന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയർന്ന ആവശ്യം. വി.ഇ.ഗഫൂറിനായി പാണക്കാട് കുടുംബം കടുത്ത നിലപാടെടുത്തതോടെയാണ് ബഷീറിനെ ഒഴിവാക്കിയത്. പി.കെ.ബഷീർ തന്നെ പാണക്കാട് ഹാളിലെത്തി മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിഖലി തങ്ങളെ കണ്ട് പ്രതിഷേധമറിയിച്ചു. ഇതോടെ, പാറയ്ക്കൽ അബ്ദുള്ളയ്ക്ക് പകരം പി.കെ.ബഷീറിനെ മന്ത്രിയാക്കാൻ തീരുമാനിച്ചു.
വി.ഇ.അബ്ദുൾ ഗഫൂറിന്റെ മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിലാണെന്നാണ് സൂചന. രണ്ടര വർഷം കഴിഞ്ഞ് പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. മുസ്ലിം ലീഗിൽ ടേം വ്യവസ്ഥ പതിവില്ല. എന്നാൽ പാറയ്ക്കൽ അബ്ദുള്ളയെയും അണികളെയും തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം. പാറയ്ക്കൽ അബ്ദുള്ള സത്യപ്രതിജ്ഞയ്ക്കായി കുടുംബ സമേതമാണ് തിരുവനന്തപുരത്ത് എത്തിയത്. 2011 ലെ വകുപ്പുകൾ തന്നെ ലീഗിന് കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |