
സോൾ: മോദി ഏറ്റവും സുന്ദരനായ വ്യക്തി. കർക്കശക്കാരനും.. പുകഴ്ത്തൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത്. ഇന്ത്യയുമായി വ്യാപാര കരാറിലെത്താൻ ചർച്ചകൾ തുടരവേയാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നത്. ഇന്നലെ ദക്ഷിണ കൊറിയയിൽ വച്ചായിരുന്നു പ്രസ്താവന. ജിയോംഗ്‌ജു സിറ്റിയിൽ ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ (അപെക്) ഭാഗമായി എത്തിയതാണ് ട്രംപ്. ഇന്ത്യയുമായി വൈകാതെ വ്യാപാര കരാറിലെത്തുമെന്നും ട്രംപ് പറഞ്ഞു. മോദിയെ വളരെ ഇഷ്ടമാണെന്നും ഏറെ ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷം താൻ ഇടപെട്ടാണ് പരിഹരിച്ചതെന്ന വാദവും ട്രംപ് ആവർത്തിച്ചു.
ഇരു ആണവ രാഷ്ട്രങ്ങളും തമ്മിലെ യുദ്ധം ഒഴിവാക്കാൻ താൻ വ്യാപാര സമ്മർദ്ദം പ്രയോഗിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന് ഇരുരാജ്യങ്ങളോടും താൻ പറഞ്ഞെന്നാണ് ട്രംപിന്റെ വാദം. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി അസീം മുനീറുമായും മികച്ച ബന്ധമുണ്ടെന്നും കൂട്ടിച്ചേർത്തു. ട്രംപിന്റെ വാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.
ഷീയുമായി ചർച്ച
ഇന്ന് രാവിലെ ദക്ഷിണ കൊറിയയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ട്രംപ് ചർച്ച നടത്തും. യു.എസ്-ചൈന തീരുവ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇരുനേതാക്കളും മുഖാമുഖമെത്തുന്നത് നിർണായകമാണ്. ചൈനയിൽ നിന്ന് യു.എസിലേക്കുള്ള ഫെന്റാനിൽ ലഹരിക്കടത്ത് ട്രംപ് ഉന്നയിക്കും. ചൈനയുമായി വ്യാപാര കരാറിലെത്തുമെന്ന് ട്രംപ് പ്രതീക്ഷ പങ്കുവച്ചു.
ട്രംപിനെ ആദരിച്ച് ദക്ഷിണ കൊറിയ
ട്രംപിന് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഒഫ് മുഗുൻഗ്വ" നൽകി ആദരിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യൂംഗ്. ബഹുമതി നേടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഒരു സ്വർണ്ണക്കിരീട മാതൃകയും ട്രംപിന് സമ്മാനമായി നൽകി. ട്രംപ് ദക്ഷിണ കൊറിയയുമായി വ്യാപാര കരാർ ധാരണയിലെത്തി.
അതേ സമയം, ട്രംപ് ദക്ഷിണ കൊറിയയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ആണവ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം ഉത്തര കൊറിയ നടത്തി. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി ചർച്ച നടത്താൻ ട്രംപ് താത്പര്യം പ്രകടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |