കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ വില പവന് 1,000 രൂപ വർദ്ധിച്ച് 80,880 രൂപയിലെത്തി. ഗ്രാമിന്റെ വില 125 രൂപ ഉയർന്ന് 10,110 രൂപയായി. രാജ്യാന്തര വിപണിയിൽ വില ഔൺസിന് (28.35 ഗ്രാം) 3,650 ഡോളറാണ്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന വാർത്തകളാണ് കരുത്തായത്. 2022 ഡിസംബർ 29ന് സ്വർണവില ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായിരുന്നു. മൂന്ന് വർഷത്തിനിടെയാണ് വില ഇരട്ടിയായത്.
ദീപാവലിക്ക് വില 85,000 തൊട്ടേക്കും
ആഗോള രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതകളും സ്വർണവില ഇനിയും ഉയർത്തിയേക്കും. നിലവിലെ സാഹചര്യമനുസരിച്ച് രാജ്യാന്തര വില ഔൺസിന് 3,700 ഡോളറാകുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിൽ പവൻ വില ദീപാവലിയോടെ 85,000 രൂപയിലെത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |