കൊച്ചി: ഹോർട്ടിക്കൾച്ചർ വിളകളുടെ പരിപാലനവും വിപണനവും മെച്ചപ്പെടുത്താനായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ സഹായം നൽകുന്നു.
പഴം-പച്ചക്കറികൾ, പുഷ്പങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തോട്ടവിളകൾ, തുടങ്ങിയവയ്ക്കായി നടപ്പു സാമ്പത്തിക വർഷം 30 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ഫാം ഗേറ്റ് പായ്ക്ക് ഹൗസ് നിർമ്മിക്കാൻ 50 ശതമാനം വരെ ധനസഹായമുണ്ട്. സംയോജിത പായ്ക്ക് ഹൗസ് സ്ഥാപിക്കുന്നതിന് 35ശതമാനം സബ്‌സിഡി ലഭിക്കും. പ്രീ കൂളിംഗ് യൂണിറ്റ്, മൊബൈൽ പ്രീകൂളിംഗ് യൂണിറ്റ്, കോൾഡ് റൂം യൂണിറ്റ് തുടങ്ങിയവയ്ക്ക് 35 ശതമാനം സഹായം ലഭ്യമാകും. റിഫർ വാൻ, പ്രാഥമിക സംസ്‌ക്കരണ യൂണിറ്റുകൾ, എന്നിവയ്ക്കും 35 ശതമാനം സഹായം ലഭിക്കും. ഗ്രാമീണമാർക്കറ്റുകൾ സ്ഥാപിക്കുന്നതിനും സോളാർ ക്രോപ് ഡയർ യൂണിറ്റുകൾക്കും 40 ശതമാനമാണ് സബ്‌സിഡി. ഈ മാസം 15 വരെ അപേക്ഷകൾ നൽകാം.
പങ്കാളിത്തം
വ്യക്തിഗത കർഷകർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാല, കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ സ്ഥാപനങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സർക്കാരിതര സന്നദ്ധ സംഘടനകൾ, കർഷക കൂട്ടായ്മകൾ, സ്വയം സഹായ കർഷക സംഘങ്ങൾ, സ്വകാര്യ സംരംഭകർ, ഉത്പാദകസംഘങ്ങൾ തുടങ്ങിയവർക്ക് പദ്ധതികളിൽ പങ്കാളികളാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |