ചെറുതുരുത്തി : ചേലക്കര മണ്ഡലത്തിലെ ജനവാസ മേഖലകളിൽ ഇടയ്ക്കിടെയുണ്ടാകുന്ന കാട്ടാന ശല്യം പ്രതിരോധിക്കാൻ 12 മീറ്റർ ചുറ്റളവിൽ ആനയുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ സെൻസർ വഴി തിരിച്ചറിയാവുന്ന അലാം സംവിധാനവുമായി വനംവകുപ്പ്. സോളാറിൽ പ്രവർത്തിക്കുന്ന സംവിധാനം വനാതിർത്തികളിൽ സ്ഥാപിച്ചാൽ പല വിധത്തിലുള്ള ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് ആനയെ തുരത്തിയോടിക്കാം.
ജനകീയമായി ഫണ്ട് സ്വരൂപിച്ചാണ് മലപ്പുറം തവനൂർ ആസ്ഥാനമായുള്ള ടാലിയോൺ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്. സെൻസറുകളുടെ സഹായത്തോടെ 360 ഡിഗ്രി ഏരിയ കവർ ചെയ്യുന്ന രീതിയിലുള്ളതാണ് സംവിധാനം. പതിനായിരം രൂപ വീതം മുതൽ മുടക്കിൽ പത്തിടങ്ങളിലാണ് അലാം സ്ഥാപിക്കുന്നത്. വൈകാതെ പദ്ധതി കൃഷിയിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
എലിഫന്റ് അലാം സ്ഥാപിക്കുന്ന പ്രവൃത്തിക്ക് ചേലക്കര എം.എൽ.എ യു.ആർ.പ്രദീപ് മുള്ളൂർക്കര പഞ്ചായത്തിലെ ഇന്ദിരാജി നഗറിനടുത്തുള്ള വനാതിർത്തിയിൽ തുടക്കം കുറിച്ചു. കാട്ടാന ഇറങ്ങുന്ന വനാതിർത്തികളിൽ വൈദ്യുതി കമ്പി സ്ഥാപിക്കുന്നതിന്റെ പണി പുരോഗമിക്കെ മറ്റൊരു പരിഹാര സംവിധാനമായാണ് അലാം സ്ഥാപിക്കുന്നത്. വയനാട്, കൂർഗ്, ആറളം എന്നിവിടങ്ങളിൽ മുൻപ് സ്ഥാപിച്ച് വിജയകരമായി കണ്ടെത്തിയ സംവിധാനമാണ് ചേലക്കരയിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. 2017ൽ തുടങ്ങിയ പരീക്ഷണം 2021 മുതലാണ് നടപ്പാക്കിയതെന്നും വിജയകരമായി സ്ഥാപിക്കാൻ കഴിഞ്ഞതായും സ്റ്റാർട്ടപ്പ് പ്രതിനിധി ബിജോയ് പറഞ്ഞു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് പത്മജ, ബി.കെ.തങ്കപ്പൻ, മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജിൽ പി.വേണുഗോപാൽ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വിനോദ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്ഥാപിക്കുന്നത് ഇങ്ങനെ
ആന ശല്യമുള്ള വനാതിർത്തികളിൽ
മുള്ളൂർക്കര പഞ്ചായത്തിൽ
മൂക്കിലക്കാട്
നായാടി നഗർ
പാഞ്ഞാൾ പഞ്ചായത്തിൽ
ചെങ്കോണം, ഒലിപ്പാറ.
ചേലക്കര പഞ്ചായത്തിൽ
പടിഞ്ഞാറ്റുമുറി, മാട്ടുങ്ങൽ, തോട്ടേക്കോട് അംഗനവാടിക്ക് സമീപം
പഴയന്നൂർ പഞ്ചായത്തിൽ
തിരുമണി, മണ്ണാത്തിപ്പാറ, താണിക്കുണ്ട് ഭാഗം
ജനകീയ പങ്കാളിത്തത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയം കാണുകയാണെങ്കിൽ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കും.
യു.ആർ.പ്രദീപ്
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |