കിളിമാനൂർ: കടം വാങ്ങിയും പലിശയ്ക്ക് എടുത്തുമൊക്കെ ഓണമാഘോഷിച്ച റബർ കർഷകരുടെ പ്രതീക്ഷ,ഓണം കഴിഞ്ഞ് റബർ വെട്ടി കടം വീട്ടാം എന്നായിരുന്നു.എന്നാൽ സീസൺ തുടങ്ങുമ്പോഴേക്കും വിലയിലുണ്ടായ ഇടിവും മഴയും ഈ പ്രതീക്ഷ തകിടംമറിച്ചു. ടാപ്പിംഗ് പലയിടത്തും തുടങ്ങാനിരിക്കുമ്പോഴായിരുന്നു വിലയിടിവ്.
ഒരു മാസത്തിനിടെ 50 രൂപയിലേറെയാണ് കുറഞ്ഞത്. മഴ മാറി നിന്നതോടെ പണി ആരംഭിക്കാനൊരുങ്ങിയ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ വിലയിടിവ്. ജൂലായിലും ആഗസ്റ്റിലും 200 രൂപയായിരുന്നു റബറിന്റെ വില. എന്നാൽ സെപ്തംബറാകുമ്പോൾ വില 180 ആയി കുറഞ്ഞു. ചില ദിവസങ്ങളിൽ വില ഇതിലും കുറയുന്നുമുണ്ട്.
കഴിഞ്ഞ വർഷവും റബർ മേഖല പ്രതിസന്ധിയിലായിരുന്നു. അതിൽനിന്ന് കരകയറാൻ കർഷകർ ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി. മുൻ മാസങ്ങളിലുണ്ടായ വിലനിലവാരം പ്രതീക്ഷനൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ജൂലായിലെ വില - 200 രൂപ
നിലവിലെ വില - 180
ഉത്പാദനം പ്രതീക്ഷിച്ച് ബാങ്ക് ലോൺ ഉൾപ്പെടെയെടുത്താണ് തോട്ടങ്ങൾ പാട്ടത്തിനെടുത്തത്. എന്നാൽ വിലയിടിവ് ഇങ്ങനെ തുടരുകയാണെങ്കിൽ ലോൺ തിരിച്ചടവ് പോലും മുടങ്ങുമെന്ന ആശങ്കയിലാണ് ഇവർ.
മേഖലയിൽ വലിയ പങ്കും റബർ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. 225 ടാപ്പിംഗ് ദിനങ്ങൾ കിട്ടിയ വർഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി 150 ദിവസം പോലും തികയ്ക്കാനാകുന്നില്ലെന്ന് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു. കാലാവസ്ഥ വ്യതിയാനം വർഷങ്ങളായി മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.
ഈ വർഷം ലഭിച്ചത് അതിശക്ത മഴയാണ്. മഴയിൽ പലയിടങ്ങളിലും വ്യാപകമായി റബർ മരങ്ങൾ കടപുഴകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |