വെള്ളനാട്: പട്ടികജാതിക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിക്കായി വെള്ളനാട് പഞ്ചായത്തിൽ നൽകിയ കത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ജില്ലാ പഞ്ചായത്തംഗം സഹോദരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൈയേറ്റം ചെയ്തതായി ആര്യനാട് പൊലീസിൽ പരാതി. എൽ.ഡി.എഫ് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി കോൺഗ്രസിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠനെ കൈയേറ്റം ചെയ്തതായിട്ടാണ് പരാതി നൽകിയത്. വനിത പഞ്ചായത്ത് സെക്രട്ടറിയെ കൈയേറ്റംചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ ശശി തന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നെന്ന് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠന്റെ പരാതിയിൽ പറയുന്നു. അതേസമയം വൈസ് പ്രസിഡന്റിനെ ദേഹോപദ്രവം ഏൽപ്പിച്ചില്ലെന്ന് വെള്ളനാട് ശശിയും പറയുന്നു.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്റെ അനുവാദവും കേടുപാട് ഉണ്ടാകുമ്പോൾ അറ്റകുറ്റ ജോലികൾ ചെയ്യുന്നതിന്റെയും അനുമതിക്കായി ജില്ലാ പഞ്ചായത്തിൽ നിന്ന് വെള്ളനാട് പഞ്ചായത്തിലേക്ക് കത്ത് മെയിലിൽ അയച്ചിരുന്നു. ഇതിനിടെ ലൈറ്റ് സ്ഥാപിക്കുന്നതിന് എസ്‌സി ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസർക്ക് നൽകേണ്ട ജില്ലാ പഞ്ചായത്തിന്റെ കത്തും ശശി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിരുന്നു. മെയിലിൽ അയച്ച് കത്ത് വയ്ക്കേണ്ട സ്ഥാനത്ത് ശശി നേരിട്ട് നൽകിയ കത്ത് സെക്രട്ടറി 20 ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വയ്ക്കുകയും പട്ടികജാതി വികസന ഓഫീസർക്ക് കൈമാറാൻ കമ്മിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് ഇന്നലെ രാവിലെ പഞ്ചായത്തിൽ എത്തിയ ശശി സെക്രട്ടറിയുമായി വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് ഇരുവരും തമ്മിൽ തർക്കവും വാക്കേറ്റവുമായത്. മുൻപ് വെള്ളനാട് ശശി കോൺഗ്രസ് നേതാവ് ആയിരുന്ന സമയത്തും സഹോദരനായ ശ്രീകണ്ഠനുമായി പല ചടങ്ങുകളിലും വച്ച് കൈയാങ്കളിയിൽ എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |