വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിലെ കന്നുകാലിവനം മേഖലയിൽ പൈപ്പ് ജലവിതരണം തടസപ്പെട്ടിട്ട് നാല് ദിവസമാകുന്നു. അടിക്കടി ഇവിടെ ജലവിതരണം തടസപ്പെടാറുണ്ട്. പൈപ്പ് ലൈനിലെ തകരാറുകൾ മൂലമാണ് കുടിവെള്ളവിതരണം മുടങ്ങിയതെന്നും ഉടൻ നന്നാക്കുമെന്നുമാണ് വാട്ടർഅതോറിട്ടി വ്യക്തമാക്കുന്നത്. പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
തോട്ടുമുക്ക്, കന്നുകാലിവനം, മണലയം പൊൻപാറ, ആനപ്പെട്ടി പേരയത്തുപാറ പ്രദേശങ്ങളിലുള്ളവർ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. മേഖലയിലെ ഉയർന്നപ്രദേശങ്ങളിലെ കിണറുകളിൽ വേണ്ടത്ര വെള്ളമില്ല. ഇടക്ക് മഴപെയ്തെങ്കിലും വേണ്ടത്ര ഉപകാരപ്രദമായില്ല. മേഖലയിൽ വേനൽക്കാലത്ത് കുടിനീർക്ഷാമം രൂക്ഷമാകുമ്പോൾ ടാങ്കർ ലോറികളിൽ ശുദ്ധജലമെത്തിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്.
വാട്ടർടാങ്കുണ്ട്, കുടിവെള്ളമില്ല
വിതുര തൊളിക്കോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി തോട്ടുമുക്ക് കന്നുകാലിവനത്തിൽ വാട്ടർടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ടാങ്കിൽ നിറയെ വെള്ളമുണ്ടെങ്കിലും ടാങ്കിന്റെ തൊട്ടടുത്തുള്ള വീടുകളിലെ പൈപ്പുകളിൽ ജലമെത്തുന്നില്ല. ഇതുസംബന്ധിച്ച് നാട്ടുകാർ പരാതികൾ നൽകിയിട്ടുണ്ട്.
പൈപ്പ് പൊട്ടലുകൾ
തൊളിക്കോട്,വിതുര പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായാകുന്നത് പതിവാണ്. പൈപ്പ് പൊട്ടുന്നതാണ് കുടിവെള്ളവിതരണം നിലയ്ക്കുവാൻ കാരണം. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് പ്രശനഹേതു. കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
വാട്ടർബിൽ മുടങ്ങാറില്ല
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തോട്ടുമുക്ക് കന്നുകാലിവനം മേഖലയിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. ആദ്യമൊക്ക കുടിവെള്ളം മുടങ്ങാതെ ലഭിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ പ്രശ്നങ്ങൾ തുടങ്ങി. പ്രദേശത്ത് എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ ഉടൻ ഇവിടെ ജലവിതരണം തടസപ്പെടും. എന്നാൽ ശുദ്ധജലവിതരണം തടസപ്പെട്ടാലും വാട്ടർബിൽ മുടങ്ങാതെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |