കോന്നി : കോന്നിയുടെ ഐതിഹ്യപ്പെരുമയും സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച് കരിവീരൻമാരും ആന വേഷധാരികളും അണിനിരക്കുന്ന കരിയാട്ടം ഘോഷയാത്ര ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ലോകത്തിന് മുന്നിൽ കോന്നിയുടെ ആന ചരിത്രത്തെ അടയാളപ്പെടുത്താൽ കരിയാട്ടം എന്ന കലാരൂപത്തിന് ദൃശ്യാവിഷ്കാരം നൽകിയത്. കേരളത്തിലെ എണ്ണം പറഞ്ഞ കരിവീരൻമാരുടെ അകമ്പടിയിൽ അഞ്ഞൂറ് ആനവേഷ ധാരികളാണ് പ്രത്യേക താളത്തിൽ കരിയാട്ടം അവരിപ്പിക്കുന്നത്. ഒരുലക്ഷത്തോളം ആളുകൾ കരിയാട്ടം ഘോഷയാത്രയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജനറൽ കൺവീനർ ശ്യാംലാൽ, ഭാരവാഹികളായ പി.ജെ. അജയകമാർ, സംഗേഷ്.ജി. നായർ എന്നിവർ പറഞ്ഞു.
മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പ്രധാന ഘോഷയാത്ര എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ഏനാദിമംഗലം, കലഞ്ഞൂർ, പ്രമാടം,വള്ളിക്കോട്, അരുവാപ്പുലം, കോന്നി പഞ്ചായത്തുകളിൽ നിന്നുള്ളവർ അണിനിരക്കും. സീതത്തോട്,ചിറ്റാർ, തണ്ണിത്തോട് പഞ്ചായത്തുകൾ കോന്നി ഫയർസ്റ്റേഷനു സമീപത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിലും മലയാലപ്പുഴ, മൈലപ്ര ഗ്രാമപഞ്ചായത്തുകൾ കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തു നിന്നുള്ള ഘോഷയാത്രയിലും അണിനിരക്കും.
കരിയാട്ടം ടൂറിസം എക്സ്പോയിക്കും ജില്ലാതല ഓണാഘോഷത്തിനും സമാപനംകുറിച്ച് വൈകിട്ട് ആറിന് കോന്നി കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രഥമ കരിയാട്ടം പുരസ്കാരം മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. എ.എ.റഹിം എം.പി, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
ഇന്ന് വേടൻ പാടും
കരിയാട്ടത്തിന്റെ സമാപന ദിവസമായ ഇന്ന് രാത്രി 7.30 ന് വേടന്റെ റാപ്പ് സംഗീതം അരങ്ങേറും. പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ് വേടൻ സംഗീത പരിപാടി നടത്തുന്നത്. .എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നത്. കേരളത്തിലെ അതിപ്രശസ്തരായ ആളുകൾ സംഗീതത്തിലൂടെയും, നൃത്തത്തിലൂടെയും, കോമഡിയിലൂടെയും ഇളക്കിമറിച്ച കരിയാട്ടം വേദിയിൽ ഇന്ന് വേടൻ റാപ്പ് സംഗീതത്തിൽ വിസ്മയം തീർക്കുന്നത് കാണാൻ വൻ ജനാവലി എത്തുമെന്നാണ് കരുതുന്നത്.
ബന്യാമിന് പുരസ്കാരം
പ്രഥമ കരിയാട്ടം പുരസ്കാരം സാഹിത്യകാരൻ ബന്യാമിന് നൽകാൻ സംഘാടക സമിതി തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.സാഹിത്യ-സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. മലയാളത്തിന്റെ യശ്ശസുയർത്തിയ സാഹിത്യകാരനാണ് ബന്യാമിൻ.നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ബന്യാമിന് നാടു നൽകുന്ന പുരസ്കാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |