ചിറ്റൂർ: ഗ്രാമ പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായി നല്ലേപ്പിള്ളി ആലാങ്കടവിൽ സ്ഥാപിച്ച ആർ.കെ.വി.വൈ പദ്ധതി പ്രകാരമുള്ള കാർഷിക വിഭവ സംഭരണ സംസ്കരണ കേന്ദ്രം ജീർണിച്ച് നശിക്കുന്നു. കാർഷിക ഉല്പാദന വർദ്ധനവ്, കർഷകരിൽ നിന്നും കാർഷിക ഉല്പന്നങ്ങൾ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെ സ്ഥാപിച്ച സ്ഥാപനത്തെപ്പറ്റി കർഷകർക്കു തന്നെ കാര്യമായ അറിവൊന്നുമില്ല. 20 വർഷം മുമ്പ് സ്ഥാപിച്ച കെട്ടിടത്തിനകത്ത് സൂക്ഷിച്ചിട്ടുള്ള ട്രാക്ടർ, ട്രില്ലർ തുടങ്ങി കോടികളുടെ കാർഷിക യന്ത്രങ്ങളും തുരുമ്പെടുത്തു നശിച്ചു കൊണ്ടിരിക്കുകയാണ്. ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലാത്ത പല യന്ത്രങ്ങളും തുരുമ്പിച്ച് ഉപയോഗ ശൂന്യമായി മാറി. ഇതിനകത്തുള്ള ഏതെങ്കിലും യന്ത്രം ഇനി പുറത്തെടുത്താൽ തന്നെ അവ ഉപയോഗിക്കാൻ കഴിയുമോ എന്നത് കണ്ടറിയണം. കാർഷിക വിഭവ സംഭരണ സംസ്‌കരണ കേന്ദ്രത്തെക്കുറിച്ചും അകത്ത് സൂക്ഷിച്ചിരിക്കുന്നതായി പറയുന്ന യന്ത്രസാമഗ്രികളെ കുറിച്ചും ഗ്രാമ പഞ്ചായത്തിലോ ബ്ലോക്ക് പഞ്ചായത്തിലോ കൃഷി വകുപ്പിലോ കൃത്യമായ വിവരം നിലവിൽ ലഭ്യമല്ല. ഇതു കൂടാതെ ജനകീയാസൂത്രണ പദ്ധതി നിലവിൽ വന്ന വർഷം മുതൽ വിവിധ പാടശേഖര സമിതികൾക്ക് തൃതല പഞ്ചായത്തുകളും കൃഷി വകുപ്പും വിവിധ ഏജൻസികളും മുഖേന ലഭ്യമായ കൊയ്ത്ത് യന്ത്രം, മെതി യന്ത്രം, പവർ ട്രില്ലർ, ട്രാക്ടർ, നടീൽ യന്ത്രം, പവർ സ്‌പ്രെയറുകൾ, വിത യന്ത്രം, ബാലൻസുകൾ തുടങ്ങിയവ പലതും പല സ്ഥലങ്ങളിലായി നിറുത്തിയിട്ടതും ജീർണ്ണിച്ചു നശിക്കുന്നു. കൃഷി വകുപ്പോ, തൃതല പഞ്ചായത്തുകളോ, സർക്കാരോ ഇക്കാര്യം പരിശോധിക്കാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ കടുത്ത അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |