മഞ്ചേരി : ചുള്ളക്കാട് ഗവ. യു.പി സ്‌കൂളിലെ മരങ്ങൾ മുറിച്ചു മാറ്റിയ സംഭവത്തിൽ വിജിലൻസ് പരിശോധന. മരം മുറിച്ചു മാറ്റിയതിൽ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്. സ്‌കൂൾ മുറ്റത്തുനിന്നു മരങ്ങൾ മുറിച്ചു മാറ്റിയത് നടപടികൾ പാലിക്കാതെയാണെന്നും മരം മുറിച്ചതിലൂടെ സർക്കാരിനു വൻ തുക നഷ്ടം വരുത്തിയെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. സ്‌കൂൾ അതി കൃതരിൽ നിന്ന് നഷ്ടം ഈടാക്കാൻ സർക്കാരിനു റിപ്പോർട്ട് നൽകും. സ്‌കൂൾ കെട്ടിടത്തിനു ഭീഷണിയുള്ള മരക്കൊമ്പുകൾ മുറിച്ചു മാറ്റാനുള്ള അനു മതിയുടെ മറവിലാണ് മരം മുഴുവനായി മുറിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്നതിനു മുൻപ് പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ല. മരത്തിന്റെ ശിഖരങ്ങൾ മുറിക്കാൻ ഏർ പ്പെടുത്തിയവരാണ് മരം മുറിച്ച് സർക്കാരിനു നഷ്ടം വരുത്തിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. സ്കൂൾ അധികൃതർ, മരം
മുറിച്ചു മാറ്റി എത്തിച്ച സോ മിൽ, മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, നഗരസഭ എന്നിവിടങ്ങളിൽ വിജിലൻസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. നൂറോളം വർഷം പഴക്കമുള്ള രണ്ട് കൂറ്റൻ പ്ലാവുകളാണ് ആഴ്ചകൾ ക്കു മുൻപ് സ്‌കൂളിൽ നിന്നു അപ്രത്യക്ഷമായത്. മരം മുറിച്ചത് ആരാണെന്നോ, മുറിച്ചു മാറ്റിയ മരങ്ങൾ എങ്ങോട്ടാണ് കടത്തിയതെന്നോ വ്യക്തമായിരുന്നില്ല. മരം മുറിച്ചത് വിവാദമായതോടെ മരത്തിന്റെ വേരുകളുള്ള ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പിഴുതു നീക്കി . സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സ്‌കൂൾ അധികൃതരിൽ നിന്നു പൊലീസിനോ, മറ്റോ പരാതി ലഭിക്കാത്തത് ദുരൂഹത ഉണ്ടാക്കിയിരുന്നു. മുൻ പിടിഎ പ്രസിഡന്റ് പി. വിശ്വനാഥൻ വിദ്യാഭ്യാസ വകുപ്പ്, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതീന്ദ്ര കുമാർ, എസ്‌ഐ ഷറഫുദ്ദീൻ, സിപിഒ അഭിജിത്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി ജയരാജ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |