മലപ്പുറം: രണ്ടുമാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന നിയമം പാലിക്കാൻ ഇന്ന് കാലിക്കറ്റിൽ സിൻഡിക്കേറ്റ് യോഗം. ജൂലായ് രണ്ടിനാണ് അവസാന സിൻഡിക്കേറ്റ് യോഗം നടന്നത്. പാലക്കാട് വിക്ടോറിയ കോളേജിലെ ഒരു വിദ്യാർത്ഥിയുടെ പ്രൊജക്ട് റീ അസ്സസ്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ അന്ന് സിൻഡിക്കേറ്റ് യോഗം അലസി പിരിഞ്ഞു. ഓണാവധി കഴിഞ്ഞ് വരുമ്പോഴേക്കും സിൻഡിക്കേറ്റ് യോഗം ചേർന്ന് രണ്ടുമാസത്തിലേറെ സമയമാകുമെന്നതിനാലാണ് ഇന്നത്തേക്ക് യോഗം തീരുമാനിച്ചത്. 400ഓളം അജൻഡകളാണ് യോഗത്തിൽ ചർച്ചയ്ക്കായി വന്നിട്ടുള്ളത്.
അതേസമയം, പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാർത്ഥിനിയുടെ പ്രൊജക്ട് റീ അസ്സസ്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട വി.സിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവും സെനറ്റ് മെമ്പറുമായ പി.നന്ദകുമാർ എം.എൽ.എ നൽകിയ പരാതി ഗവർണറുടെ പരിഗണനയിലാണ്. മാർക് ലിസ്റ്റ് ലഭിക്കാൻ 10 വർഷം വൈകിയ വിദ്യാർത്ഥിനിക്ക് യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽ എം.എസ്.സിക്ക് അഡ്മിഷൻ നൽകിയതും വിവാദമായിരുന്നു. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥിനി യൂണിവേഴ്സിറ്റിയെ സമീപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഫയലുകളും വി.സി സിൻഡിക്കേറ്റ് തർക്കം കാരണം കെട്ടിക്കിടക്കുന്നുണ്ട്.
പരാതിയുമായി വിദ്യാർത്ഥികൾ
കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ വിദ്യാഭ്യാസ കേന്ദ്രത്തിൽ തുടങ്ങുന്നതിന് അംഗീകാരമുള്ള എം.എസ്.സി മാത്തമാറ്റിക്സ് അഡ്മിഷൻ നടത്താതെ സർവകലാശാല. ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചതിനുശേഷം കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇല്ലാത്ത എം.എസ്.സി മാത്തമാറ്റിക്സ് നടത്തുന്നതിന് ഹൈക്കോടതിയുടെ അനുവാദമുണ്ട്. അഡ്മിഷൻ നോട്ടിഫിക്കേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാൻ സർവകലാശാല തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |