കോഴിക്കോട്: മെഡി.കോളേജിൽ രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം ഇനിയും നടപ്പിലായില്ല. നിലവിലെ സൗകര്യം ഉപയോഗിച്ച് പോസ്റ്റ്‌മോർട്ടം നടത്താൻ ശ്രമങ്ങൾ ആരംഭിക്കുമെന്ന് മെഡി.കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നെങ്കിലും നടപടികൾ ഇഴയുകയാണ്. രാത്രി എട്ടുമണിവരെ പോസ്റ്റ്‌മോർട്ടം നടത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ ഫോറൻസിക് വിഭാഗത്തിലെ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും കുറവും സൗകര്യകുറവുമാണ് പ്രതിസന്ധിയാകുന്നത്. രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. ഇതിന് ശേഷം വരുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പിറ്റേ ദിവസത്തേക്കു മാറ്റുകയാണ് ചെയ്യുന്നത്. ഇതോടെ മലബാറിലെ അഞ്ച് ജില്ലകളിൽ നിന്നടക്കമെത്തുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി വിട്ടുകിട്ടാൻ ബന്ധുക്കൾ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകളാണ്.
ജീവനക്കാരില്ല, സൗകര്യവും
മോർച്ചറിയിലെ ഡ്യൂട്ടി, കോടതി ഡ്യൂട്ടി, മെഡിക്കൽ കോളജിലെ അദ്ധ്യയനം തുടങ്ങിയവയെല്ലാം ചെയ്ത് തീർക്കാൻ ഫോറൻസിക് വിഭാഗത്തിൽ വകുപ്പു മേധാവിയടക്കം ഏഴുപേർ മാത്രമാണുളളത്. പലപ്പോഴും ഡോക്ടർമാർക്ക് പോസ്റ്റ്‌മോർട്ടം സംബന്ധിച്ച് കോടതി ഡ്യൂട്ടിയുണ്ടാകുന്നതിനാൽ മറ്റു ജില്ലകളിലേക്കും പോകണം. ഇതിനൊപ്പം വിദ്യാർത്ഥികൾക്ക് ക്ളാസെടുക്കുകയും വേണം. സീനിയർ ഡോക്ടറുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തേണ്ടത്. ഒരു ദിവസം പത്തിലധികം മൃതദേഹങ്ങൾ വരെ പോസ്റ്റ്‌മോർട്ടം ചെയ്യാനെത്തുന്നുണ്ട്. മോർച്ചറിക്കുള്ളിലേക്ക് വിടുന്ന മൃതദേഹം ടേബിളിലെത്തിയശേഷം സാധാരണനിലയിൽ ഒരുമണിക്കൂറിനുള്ളിൽ പോസ്റ്റുമോർട്ടം പൂർത്തിയാകും. എന്നാൽ ആളില്ലാത്തതിനാൽ മണിക്കൂറുകളോളം നീളുന്ന സ്ഥിതിയാണ്.
63 ലെ സ്‌റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയെങ്കിലും വർദ്ധിപ്പിച്ചാൽ മാത്രമേ ജോലിഭാരം കുറയ്ക്കാനും കൂടുതൽ പോസ്റ്റ്മോർട്ടങ്ങൾ ചെയ്യാനും സാധിക്കൂ.
മൃതദേഹങ്ങളും കൂടുന്നു
മൃതദേഹങ്ങൾ സൂക്ഷിക്കാൻ മെഡി.കോളേജിൽ രണ്ട് കോൾഡ് സ്റ്റോറേജുകളാണുള്ളത്. ഇവയിലായി 36 മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കും. എന്നാൽ അവകാശികളില്ലാതെ 16 മൃതദേഹങ്ങൾ രണ്ടു മാസത്തിലധികമായി സംസ്‌കാരം കാത്തുകിടക്കുന്നതിനാൽ പുതിയതായെത്തുന്ന മൃതദേഹങ്ങൾ സൂക്ഷിച്ച് വെക്കാനും പ്രതിസന്ധി നേരിടുകയാണ്. സ്റ്റോറേജുകളിൽ ഒന്നു ഇടക്കിടെ കേടാകുന്നതും നിത്യസംഭവമാണ്. ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ മോർച്ചറിയിൽ നേരിട്ടെത്തിക്കാനും ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും വേണ്ടത്ര സൗകര്യവുമില്ല.
ഒരു പോസ്റ്റ്‌മോർട്ടം ടേബിളിൽ
വേണ്ടത് -
മൂന്ന് ഡോക്ടർമാർ, ഒരു മോർച്ചറി ടെക്നീഷ്യൻ, ഒരു അറ്റൻഡർ
ഉള്ളത് -
ആകെ ജീവനക്കാർ - ഒരു ലാബ് ടെക്നിഷ്യൻ, ഒരു ജൂനിയർ ലാബ് ടെക്നിഷ്യൻ, രണ്ട് അറ്റൻഡർമാർ, ഒരു സ്വീപ്പർ
''ഡോക്ടർമാരുടെ ഡ്യൂട്ടി സമയക്രമം, കോടതി ഡ്യൂട്ടി. മെഡിക്കൽ കോളജിലെ അദ്ധ്യയനം തുടങ്ങിയവ ഏകോപിപ്പിച്ച് വേണം സമയം ദീർഘിപ്പിക്കാൻ. എന്നാൽ ജീവനക്കാരില്ലാത്തതും കൂടുതൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനെത്തുന്നതുമാണ് പ്രതിസന്ധി ഉയർത്തുന്നത്. മോർച്ചറി ജീവനക്കാരെ ആശുപത്രി വികസന സൊസൈറ്റി മുഖേന നിയമിക്കാമെങ്കിലും ഫോറൻസിക് വിഭാഗത്തിലേക്ക് താത്ക്കാലിക നിയമനത്തിന് ഡോക്ടർമാരെ കിട്ടാത്ത അവസ്ഥയാണ്'' ഡോ.കെ.ജി സജീത്ത് കുമാർ, പ്രിൻസിപ്പൽ മെഡി.കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |