നാദാപുരം: ഓണം ഓഫർ വിനയായി, ജനം ഇരച്ചുകയറിയപ്പോൾ കടയുടെ ചില്ലുഗ്ലാസ് തകർന്ന് പത്തോളം പേർക്ക് പരിക്ക്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നാദാപുരം കസ്തൂരിക്കുളത്തെ ബ്ലാക്കെന്നെ വസ്ത്ര വ്യാപാര ശാലയിലാണ് സംഭവം. ഏത് ഷർട്ടെടുത്താലും 99തെന്ന പരസ്യം കേട്ട് പുലർച്ചെ മുതൽ കടയ്ക്ക് മുമ്പിൽ വൻ ജനക്കൂട്ടമായിരുന്നു. കട തുറന്നതോടെ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറി. മുൻ വശത്തെ കൂറ്റൻ ഗ്ലാസ് തകർന്നു വീണു.
സാരമായ മുറിവു പറ്റിയ മുടവന്തേരി വണ്ണാറത്തിൽ ഷബീറിനെ(22) കോഴിക്കോട് മെഡിക്കൽ കോളേജിലും നാദാപുരം സ്വദേശി സച്ചിനെ (16) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈനാട്ടി സ്വദേശി മുഹമ്മദ് ഷാമിൽ (18), നയാനിൽ (14), അദ്വൈത് (15) വേറ്റുമ്മൽ, ആദിഷ് (15) വളയം, ഷാൽവിൻ (15) ചെക്യാട് എന്നിവരെ നാദാപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒട്ടേറെ പേർക്ക് നിസാര പരിക്കുമേറ്റിട്ടുണ്ട്. വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസിന്റെ നേതൃത്വത്തിൽ വ്യാപാരികളെത്തി കട പൂട്ടിച്ചു. ഇതിനിടയിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. പൊലീസും സ്ഥലത്തെത്തിയിരുന്നു. പരാതിക്കാർ ആരും ഇല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നാദാപുരം സി.ഐ. ടി.എം.നിബീഷ് പറഞ്ഞു. നഷ്ടത്തിലായതിനാൽ പൂട്ടാൻ തീരുമാനിച്ചതിനാലാണ് ഓഫർ വിൽപന വച്ചതെന്നും ചെറിയ അപകടം പറ്റിയവർക്കെല്ലാം അർഹമായ നഷ്ട പരിഹാരം നൽകുമെന്നും കടയുടമ നാദാപുരം സ്വദേശി ജസീർ പറഞ്ഞു.
നിയമവിരുദ്ധമായ ഓഫറുകളും അപകടം വരുത്തുന്ന തരത്തിലുള്ള പ്രചാരണ രീതികളും ആരായാലും ഒഴിവാക്കേണ്ടതാണെന്നും ജനങ്ങളുടെ ജീവന് വില കൽപ്പിക്കണമെന്നും അല്ലെങ്കിൽ നടപടിയെടുക്കുമെന്നും നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |