നിശ്ചിത സമയത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ ശ്രമം
കോഴിക്കോട്: ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണം 60 മാസം കൊണ്ട് തീർക്കാനുള്ള ശ്രമവുമായി സർക്കാർ. നിർമ്മാണം അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷനും (കെ.ആർ.സി.എൽ) പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിടുന്നത്. ഇതിന് അനുസരിച്ചുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിന് മുമ്പേ തീർക്കാനാകുമെന്ന ആത്മവിശ്വാസമാണ് നിർമ്മാണ കമ്പനിക്കുള്ളതെന്നാണ് വിവരം.
തുരങ്കപാതയ്ക്കു മുന്നോടിയായി ആനക്കാംപൊയിൽ ഭാഗത്തു നിന്നുള്ള താത്കാലിക പാലം നിർമ്മാണം 12ന് തുടങ്ങും. ഇതിന്റെ പണി ഡിസംബറിൽ പൂർത്തിയാക്കാനാണ് ശ്രമം. ഇതിനാവശ്യമായ വലിയ യന്ത്രങ്ങളും ഉപകരണങ്ങളും മറ്റും ഈ മാസം പകുതിയോടെ വയനാട്ടിലെത്തും. ഇതിന് വനം, നിയമ വകുപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതും എളുപ്പം ചെയ്യാനാണ് തീരുമാനം. നിർമ്മാണത്തിന് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകണം. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങുന്നതോടെ നിർമ്മാണ പ്രവർത്തനം തുടങ്ങും. സെപ്തംബർ 15ന് കരാറുകാരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കമ്പനിക്ക് കൈമാറും. സൈറ്റ് ക്യാമ്പ്, ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഒരു മാസത്തിനകം സജ്ജമാക്കും. ഒക്ടോബർ ഒന്നിന് മേപ്പാടി ഭാഗത്തു നിന്നുള്ള മണ്ണ് നീക്കലടക്കമുള്ള പ്രവൃത്തി തുടങ്ങും. ജനുവരി 31ഓടെ പൂർത്തിയാക്കും. ആനക്കാംപൊയിൽ ഭാഗത്തെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഡിസംബർ 12ന് ആരംഭിക്കും. ജനുവരി 31നകം പൂർത്തിയാക്കും. സെപ്തംബർ 20ന് കരാറുകാരനുള്ള മുൻകൂർ തുകയുടെ ആദ്യഗഡു കൈമാറും.
വരും സാമ്പത്തിക വികസനവും
പാത വരുന്നതോടെ കോഴിക്കോട് - വയനാട് ജില്ലകൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയും വർദ്ധിക്കും. പാതയുടെ നിർമ്മാണം ആരംഭിക്കുന്നതോടെ നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പ്രാദേശിക ടൂറിസം സാദ്ധ്യതയും വർദ്ധിക്കും. തുരങ്കപാത വരുന്നത്തോടെ കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിർമ്മിക്കുന്നത് നാലുവരി തുരങ്കപാത
നീളം അപ്രോച്ച്റോഡ് ഉൾപ്പെടെ 8.73 കി.മി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |