കോഴിക്കോട്: വ്യത്യസ്തനായൊരു ഓട്ടോഡ്രെെവറാണ് മുഹമ്മദ് റഫിയുടെ പാട്ടുകൾ പാടുന്ന സെയ്ത് അബ്സൽ. പാട്ട് പഠിച്ചിട്ടില്ലാത്ത സെയ്ത് സദാ മൂളുന്നതും റഫിയുടെ ഗാനങ്ങൾ. ഓട്ടോയിലും വെള്ളിമാടുകുന്ന് ചെറുവറ്റയിലെ വീട്ടിലും എഫ്.എം. റേഡിയോയിലൂടെ കേൾക്കുന്നതും റഫി ഗാനങ്ങൾ.
മറ്റ് ഗായകരുടെ പാട്ടുകൾ കേട്ടും പാടിയും തുടങ്ങിയാലും ഒടുവിൽ ചെന്നെത്തുക റഫി പാട്ടുകളിലാകും. അറുപത്തിമൂന്നുകാരനായ സെയ്ത് 10 കൊല്ലത്തിലധികമായി റഫിയുടെ കടുത്ത ആരാധകനായിട്ട്. ഈയിടെ കോഴിക്കോട്ട് വച്ച് റഫിയുടെ 32 പാട്ടുകൾ തുടർച്ചയായി പാടി. കഴിഞ്ഞ വർഷവും സമാനരീതിയിൽ പരിപാടി നടത്തി ശ്രദ്ധേയനായി. റഫിയുടെ കൂടുതൽ പാട്ടുകൾ തുടർച്ചയായി പാടാനുള്ള ശ്രമത്തിലാണിപ്പോൾ. സെയ്തിന്റെ ഓട്ടോയ്ക്കു പുറത്ത് റഫിയുടെ ഫോട്ടോ പതിച്ചിട്ടുമുണ്ട്.
പാട്ടു കേൾക്കുന്ന ശീലം പണ്ടേയുണ്ടായിരുന്നു. ക്രമേണ റഫി പാട്ടുകളുടെ 'ഫീൽ' ആകർഷിച്ചു. കേട്ടുപഠിച്ച് പാടിനോക്കി. തുടർന്ന് തോന്നിയപ്പോൾ ക്ളബ് പരിപാടികളിലും കല്യാണവീടുകളിലും പാടി. പലരും നന്നായെന്നു പറഞ്ഞപ്പോൾ ആത്മവിശ്വാസമായി. അഞ്ച് വർഷമായി വേദികളിലും സജീവമാണ്.
സംഗീതത്തിന്റെ പെെതൃകവഴി
ബാപ്പ ബാജി സാഹിബിന് പാട്ടുകൾ, പ്രത്യേകിച്ച് ഗസലുകൾ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം റേഡിയോയിൽ സ്ഥിരമായി പാട്ടുകേൾക്കുമായിരുന്നു. ക്ളബ്ബുകളിലെ ചില പരിപാടികൾക്ക് ഹാർമോണിയവും വായിക്കുമായിരുന്നു. വീട്ടിൽ സ്ഥിരമായി പാട്ടു കേട്ടതും ബാപ്പയുടെ സംഗീത താത്പര്യവുമാണ് സെയ്തിലും പ്രതിഫലിച്ചത്. ആഷയാണ് സെയ്തിന്റെ ഭാര്യ. മക്കൾ: അമാൻ, അഫ്ത്താബ്, അഫ്നാസ്.
ജീവനുള്ള പാട്ടുകളാണ് റഫി സാഹിബിന്റേത്. റഫി ഗായകർ ഇവിടെ കുറവാണ്. കൂടുതൽ പാട്ടുകൾ കേട്ടു പഠിക്കുകയാണിപ്പോൾ.
-സെയ്ത് അബ്സൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |