കോട്ടയം: നേന്ത്രക്കായ വിൽപന ഉഷാറാണെങ്കിലും ഓണക്കാലത്തും കാര്യമായ വില ലഭിക്കാത്തതു കർഷകർക്കു ദുരിതമാകുന്നു. കിലോയ്‌ക്ക് 35 മുതലാണ് കർഷകന് ലഭിക്കുന്നത്. ചില്ലറ വിപണിയിൽ 50 രൂപവരെയുണ്ട് കിലോയ്‌ക്ക് വില. കഴിഞ്ഞ ഓണത്തിന് 60 രൂപവരെയുണ്ടായിരുന്നപ്പോഴാണ് ഈ വിലയിടിവ്. വരവ് കായയുടെ സാന്നിധ്യവും വിലക്കുറവിന് കാരണമായി.
ഒരു വാഴ കുലയ്ക്കുന്നതു വരെ വളമിടലും മറ്റുമായി 200 രൂപ വരെ ചെലവുണ്ടെന്നു കർഷകർ പറയുന്നു. ഇതിനിടെയാണ് കാറ്റും മഴയും വില്ലനായത്. വാഴത്തോട്ടങ്ങളിൽ ആഴ്ചകളോളം വെള്ളംകയറി ചീഞ്ഞതും കാറ്റിൽ കടപുഴകി വീണതും കർഷകരുടെ കഷ്ടകാലത്തിന് കാരണമായി. കടുത്തുരുത്തി, കുറവിലങ്ങാട്, വാഴൂർ, പൊൻകുന്നം, എരുമേലി, കൂട്ടിക്കൽ മേഖലകളിൽ വാഴക്കൃഷി നശിച്ചു. ഇതിന് പുറമേ കാട്ടുമൃഗങ്ങളും കൃഷി കവർന്നു. സാധാരണ ഓണക്കാലത്ത് നേന്ത്രക്കായയ്ക്കു വില കൂടാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നു വ്യാപാരികൾ പറയുന്നു.
ആശ്രയം വരവ് കായ
100 ടൺ നേന്ത്രക്കായ ആണ് ഓണവിപണി ലക്ഷ്യമിട്ട് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തിച്ചിട്ടുള്ളത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണു കൂടുതലും കായ എത്തുന്നത്. വർഷത്തിൽ 10 മാസവും വാഴക്കൃഷി ചെയ്യുന്ന തമിഴ്നാട് ഗ്രാമങ്ങൾ ഒട്ടേറെയുണ്ട്.
കിട്ടാനില്ല നാടൻ
വിപണിയിൽ ആവശ്യമുള്ളതിന്റെ 5ശതമാനം പോലും നാടനില്ല
വരവ് കായയുടെ വിലക്കുറവ് നാടനെയും ബാധിച്ചു
പഴക്കച്ചവടക്കാരും ഉപ്പേരിവറക്കാനും വരവ് കായ ഉപയോഗിക്കുന്നു
നഷ്ടം: 2046 കർഷകർക്ക്
3.69 കോടിയുടെ കുലച്ച വാഴകൾ
1.33 കോടിയുടെ കുലയ്ക്കാത്ത വാഴകൾ
വരവ്കായ അധികമായി എത്തുന്നുണ്ട്. വിപണിയിൽ കായയ്ക്ക് ക്ഷാമമില്ല
സലിം കെ.കെ
വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |