കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസിന്റെ പുതിയ ആധുനിക പ്രവേശനകവാടത്തിൽ ശില്പമായി വിരിഞ്ഞ് ഗുരുവരുൾ യാഥാർത്ഥ്യമായ ചരിത്രനിമിഷം. സ്കൂൾ സ്ഥാപകൻ കൊച്ചുവരമ്പേൽ കേശവൻ മുതലാളി ശ്രീനാരായണ ഗുരുദേവന് സ്കൂളിന്റെ താക്കോൽ കൈമാറുന്ന ശില്പമാണ് കവാടത്തിൽ ഒരുങ്ങുന്നത്.
ക്ഷേത്രം സ്ഥാപിക്കണമെന്ന ആഗ്രഹവുമായി കൊച്ചുവരമ്പേൽ കേശവൻ മുതലാളി ഗുരുദേവനെ കാണാൻ പോയി. നിങ്ങൾക്ക് ക്ഷേത്രമല്ല, വിദ്യാലയമാണ് വേണ്ടതെന്നായിരുന്നു ഗുരുദേവന്റെ മറുപടി. അങ്ങനെ കൊച്ചുവരമ്പേൽ കേശവൻ മുതലാളി ക്ഷേത്രമെന്ന ആഗ്രഹം ഉപേക്ഷിച്ച് നിർമ്മിച്ചതാണ് ഇപ്പോഴത്തെ നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ്. ആദ്യ കെട്ടിടം പൂർത്തിയായപ്പോൾ കൊച്ചുവരമ്പേൽ കൃഷ്ണൻ മുതലാളി ഗുരുദേവനെ ക്ഷണിച്ച് വരുത്തി താക്കോൽ കൈമാറുകയായിരുന്നു. നീരാവിലിന്റെ പഴയ വിളിപ്പേര് ഐപ്പുഴയെന്നാണ്. സി.കേശവന്റെ ആത്മകഥയിൽ "ഐപ്പുഴയിലെ മഹാത്ഭുതം" എന്ന തലക്കെട്ടിൽ നീരാവിൽ സ്കൂളിന്റെ ചരിത്രം വിശദീകരിച്ചിട്ടുണ്ട്.
സിമന്റിൽ റിലീഫ് മാതൃകയിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. കേരള ലളിതകലാ അക്കാഡമി ആസ്ഥാനത്തെ
ഉഴവൻ ശില്പമുൾപ്പടെ കേരളത്തിലുടനീളം ശില്പങ്ങൾ ഒരുക്കിയിട്ടുള്ള അജി.എസ്.ധരനാണ് ചരിത്ര നിമിഷം ഒരുക്കിയിരിക്കുന്നത്. സ്കൂളിലെ 1989 ബാച്ചിലെ വിദ്യാർത്ഥികളാണ് ശില്പ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |