കൊല്ലം: അവശജനവിഭാഗങ്ങളുടെ ഹൃദയങ്ങളിൽ പത്രാധിപർ കെ.സുകുമാരൻ അക്ഷരങ്ങളിലൂടെ അവകാശബോധം ജ്വലിപ്പിച്ചുവെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രാധിപരുടെ ലേഖനങ്ങൾക്കും പ്രസംഗങ്ങൾക്കും കൊടുങ്കാറ്റിന്റെ ശക്തിയുണ്ടായിരുന്നു. പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിന്റെ ഇടിമുഴക്കമാണ് സാമ്പത്തിക സംവരണത്തിനുള്ള നീക്കത്തെ കേരളത്തിൽ ആറ് പതിറ്റാണ്ടുകാലം തടഞ്ഞുനിറുത്തിയത്. ജനാധിപത്യത്തിൽ ചാതുർവർണ്യം ഒളിച്ചുകടത്താനുള്ള നീക്കത്തെ പത്രാധിപർ കുളത്തൂർ പ്രസംഗത്തിലൂടെ തച്ചുടയ്ക്കുകയായിരുന്നു. പത്രാധിപർ ഇല്ലായിരുന്നെങ്കിൽ ആറ് പതിറ്റാണ്ട് മുമ്പേ കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പായേനെ. ജാതി സംവരണം ഇല്ലാതാക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. പിന്നാക്ക വിഭാഗങ്ങൾ ചുരുങ്ങിയകാലം കൊണ്ട് മുന്നേറിയെന്ന് ഇവർ കുപ്രചാരണം നടത്തുന്നു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കേരളത്തിൽ എത്ര പിന്നാക്കക്കാരുണ്ടെന്ന് പരിശോധിച്ചാൽ മാത്രം ഈ പ്രചാരണത്തിലെ പൊള്ളത്തരം മനസിലാകും. പിന്നാക്കക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും കേരളകൗമുദി ശക്തമായ പോരാട്ടാമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കേരളകൗമുദി കൊല്ലം യൂണിറ്റിലെ മികച്ച പ്രാദേശിക ലേഖകർക്കുള്ള പത്രാധിപർ സ്മാരക അവാർഡ് കൊട്ടാരക്കര ലേഖകൻ കെ.ശശികുമാർ, ഓടനാവട്ടം ലേഖകൻ ഓടനാവട്ടം അശോക് എന്നിവർക്ക് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ സമ്മാനിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) എച്ച്.അജയകുമാർ നന്ദിയും പറഞ്ഞു. സാമൂഹ്യ, സാംസ്കാരിക, സാമുദായിക രംഗത്തെ നിരവധിപേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |