ക്യാമ്പയിൻ സജീവമാക്കി ആരോഗ്യവകുപ്പ്
കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജില്ലയിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ വിവിധ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങി. ആരോഗ്യസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാപ്രവർത്തകർ, കുടുംബശ്രീപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ.
ജില്ലയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. ടാങ്കുകൾ വൃത്തിയാക്കും. 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകൾ വഴിയുള്ള ബോധവത്കരണവും ഹയർ സെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോട് ചേർന്ന് ഹരിതകേരളം മിഷൻ സജ്ജമാക്കിയ ജല ഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജല പരിശോധനയും നടക്കും. 20 മുതൽ നവംബർ 1 വരെ ജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയിലേക്ക് മാലിന്യം എത്തുന്ന വഴികൾ അടയ്ക്കലും ഉൾപ്പെടെയുള്ള പ്രവത്തനങ്ങൾ നടത്തും.
ബാധിക്കുന്നത് തലച്ചോറിനെ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവ അമീബിക് എൻസെഫലൈറ്റിസ്. മൂക്കിനേയും മസ്തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.
രോഗ ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി
കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്
വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കാനുള്ള വിമുഖത
നിഷ്‌ക്രിയരായി കാണപ്പെടുക
സാധാരണമല്ലാത്ത പ്രതികരണങ്ങൾ.
രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ്
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യണം
ജലസ്രോതസുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം.
മലിനജലത്തിൽ മുങ്ങികുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും ഒഴിവാക്കണം
കിണറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക.
വെള്ളം സംഭരിക്കുന്ന ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം
രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ലെങ്കിലും ജലസ്രോതസുകളിലൂടെയും മലിനജലത്തിലൂടെയും പകരാൻ സാദ്ധ്യതയുണ്ട്. മണ്ണും ചെളിയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കണം. -ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |