കാസർകോട്: അഡൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ കർണ്ണാടക സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. അഡൂർ കുറത്തിമൂലയിലെ രേഖ(29)യെ കഴുത്തിന് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ കർണ്ണാടക മണ്ടക്കോലിലെ പ്രതാപിനെ(30)യാണ് ആദൂർ എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന രേഖയെ പ്രതാപ് തടഞ്ഞുനിർത്തി കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. യുവതി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. കഴുത്തിന് സാരമായി പരിക്കേറ്റ നിലയിൽ യുവതി കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രേഖ ഭർത്താവിൽ നിന്നുള്ള വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്ത വിവരമറിഞ്ഞ പ്രതാപ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചെങ്കിലും പ്രതാപ് വിവാഹാഭ്യർത്ഥനയുമായി പിന്തുടർന്ന് ശല്യം ചെയ്തു. ഇതോടെ രേഖ, പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നതായി കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്റ്റേഷനിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ യുവതിയെ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പ് നൽകിയ പ്രതാപ് വീണ്ടും ശല്യം തുടരുകയായിരുന്നു.
സംഭവത്തിൽ രേഖയുടെ പരാതിയിൽ പ്രതാപിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ പ്രതാപിനെ അഡൂർ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |