കണ്ണൂർ: മദ്യക്കുപ്പി തിരിച്ച് നൽകിയാൽ 20 രൂപ തിരികെ ലഭിക്കുന്ന പദ്ധതി ജില്ലയിൽ തുടക്കത്തിൽ തന്നെ വിജയം കാണുന്നു. ജില്ലയിലെ ഓരോ ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും ഒരാഴ്ചയ്ക്കകം നൽകിയത് ശരാശരി 100 കിലോഗ്രാം പ്ളാസ്റ്രിക് മദ്യക്കുപ്പികളാണ്.ഈ കുപ്പികൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറും.
തിരുവനന്തപുരത്തും കണ്ണൂരുമാണ് സെപ്തംബർ 10 മുതൽ പദ്ധതി തുടങ്ങിയത്. പ്ളാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. തുടക്കത്തിൽ ആളുകൾക്ക് നീരസമുണ്ടായിരുന്നെങ്കിലും ഇപ്പോൾ നല്ല രീതിയിലാണ് സഹകരണമന്ന് ബെവ്കോ ജീവനക്കാർ പറയുന്നു. ജില്ലയിൽ ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, കണ്ണൂർ പാറക്കണ്ടി, കേളകം, കിഴുത്തള്ളി, താണ, ചക്കരക്കൽ, പയ്യന്നൂർ, പാടിക്കുന്ന് ഔട്‌ലെറ്റുകളിലാണ് പദ്ധതി തുടങ്ങിയിരുക്കുന്നത്. പഴയങ്ങാടിയിലും എടൂരിലും തുടങ്ങിയിട്ടില്ല.
ശരാശരി 4000 പ്ളാസ്റ്റിക് മദ്യക്കുപ്പികളാണ് പ്രതിദിനം ഓരോ ഔട്ട്ലെറ്രുകളിൽ നിന്നും വിൽക്കുന്നത്. ഇതിന്റെ നാലിലൊന്ന് ഓരോ ദിവസവും തിരിച്ചെന്നുമുണ്ട്. ആയിരം മദ്യക്കുപ്പികളാണ് ശരാശരി തിരിച്ചെത്തുന്നത്. ഒരാഴ്ചയ്ക്കം തന്നെ ഇത്രയും കുപ്പികൾ തിരിച്ചെത്തുമ്പോൾ വരും ദിവസങ്ങളിൽ തിരിച്ചെത്തുന്ന കുപ്പികൾ കൂടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ജീവനക്കാരുടെയും നിഗമനം. വാങ്ങിയ കുപ്പി അപ്പോൾ തന്നെ കാലിയാക്കി 20 രൂപ തിരിച്ചു വാങ്ങുന്നവരും ഏറെയാണ്. കയ്യിൽ കരുതിയ കുപ്പിയിലേക്ക് മദ്യം മാറ്റിയ ശേഷം കൗണ്ടറിൽ തിരിച്ചേൽപ്പിക്കും.
ജീവനക്കാർക്കും ആശങ്കയൊഴിഞ്ഞു
പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ വലിയ ആശങ്കയിലായിരുന്നു ജീവനക്കാർ.ഇതിനായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയതോടെ പ്രവർത്തനങ്ങൾ എളുപ്പമാക്കി. കുപ്പി തിരികെയുടുക്കുമ്പോൾ ഉണ്ടാകുന്ന തിരക്കും നീണ്ട നിരയും ഇതോടെ കുറഞ്ഞു. കുപ്പിയിൽ സ്റ്റിക്കർ പതിപ്പിക്കലാണ് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അധികമായി വാങ്ങുന്ന 20 രൂപയ്ക്ക് പ്രത്യേക ബില്ലും വേണം. തിരിച്ചെത്തിയ കുപ്പിയിൽ ബില്ലുണ്ടോയെന്ന് പരിശോധിച്ചുറപ്പാക്കിയാൽ മാത്രമെ പണം തിരികെ നൽകു. കുപ്പി സംഭരിക്കാനും ശേഖരിക്കാനുമായി വിരമിച്ച ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ ശുചിത്വ മിഷനിലെ താൽക്കാലിക ജീവനക്കാരെ നിയമിക്കുമെന്നായിരുന്നു ബെവ്കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നത്. ഇത് നടക്കാതെ വന്നതോടെയാണ് വിരമിച്ചവരെ താൽക്കാലികമായി നിയോഗിച്ചത്. ഇവർക്ക് 710 രൂപയാണ് ദിവസവേതനം.
ആൾക്കാർ സഹകരിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും ആയിരത്തിലേറെക്കുപ്പികളാണ് തിരികെയെത്തുന്നത്. ജീവനക്കാർക്ക് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതും കൂടി പരിഹരിക്കപ്പെടണം - ഒരു ബെവ്കോ ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |