കണ്ണൂർ: സർക്കാരിനും വകുപ്പിനും തലവേദനയായ കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരിയുടെ ഉറവിടം കണ്ടെത്താൻ പൊലീസ്. നിർണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.നാളുകൾക്ക് മുമ്പെ ജയിലിനകത്തെ ലഹരി ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചിരുന്നുവെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
ജയിലിനകത്തേക്ക് ലഹരി എറിഞ്ഞുകൊടുക്കുന്ന സംഘത്തിൽ പെട്ട രണ്ട് പേർ പിടിയിലായതോടെയാണ് അന്വേഷണസംഘത്തിന് മുന്നിൽ വഴി തെളിഞ്ഞത്. ശിക്ഷ കഴിഞ്ഞിറങ്ങിയവരുടെ വെളിപ്പെടുത്തലുകളും അന്വേഷണത്തിൽ നിർണായകമാകും. ജയിലിലേക്ക് ലഹരി എത്തിക്കുന്നതിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആർക്ക് വേണ്ടിയാണ് ലഹരി എത്തിക്കുന്നതെന്നതുൾപ്പെടെയുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി തവണ ലഹരി പിടികൂടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ലഹരി എത്തിക്കുന്ന കണ്ണികളിലേക്ക് അന്വേഷണം നീളുന്നത്. ഇത് കണ്ടെത്തിയാൽ ഈ ഇടപാടുകളുടെ വേരറുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കള്ളൻ കപ്പലിൽ ഉണ്ടോ?
ജയിൽ ഉദ്യോഗസ്ഥരുടെ സഹായം ലഹരി കടത്തുകാർക്ക് ലഭിക്കുന്നുണ്ടെന്ന ആക്ഷേപം നാളുകളായി ഉയരുന്നുണ്ട്. പൊലീസ് അന്വേഷണത്തിലും ഇതുസംബന്ധിച്ച് സൂചനകൾ ലഭിച്ചതായാണ് വിവരം. അന്വേഷണം ജയിലിനകത്തേക്ക് വ്യാപിപ്പിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്. ജയിലെ അന്തേവാസികളായ കൊടുംകുറ്റവാളികളും രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുമുൾപ്പെടെയാണ് ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മട്ടൻ കറി നൽകി കഞ്ചാവ് വാങ്ങിയെന്ന വിവരം പുറത്തുവന്നിരുന്നു.
ഓർഡറെടുക്കും;ഫോണിൽ കൈമാറും
ജയിലിനകത്ത് ഫോൺ ഉപയോഗിക്കുന്നവർ ആവശ്യമുള്ള വസ്തുക്കളുടെ ഓർഡറെടുത്ത ശേഷം പുറത്തുള്ള റാക്കറ്റിന് വിവരം നൽകുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ദിവസവും സമയവും നിശ്ചയിച്ച ശേഷമാണ് കടത്തുകാർ ഓപ്പറേഷൻ ഏറ്റെടുക്കുന്നത്. ആദ്യം കല്ലെറിഞ്ഞ് അടയാളം നൽകും. സ്ഥാനം നിശ്ചയിച്ചതിന് തൊട്ടുപിന്നാലെ ലഹരി വസ്തുക്കളും എറിഞ്ഞുനൽകും. അകത്തെത്തിയ ലഹരി വസ്തുക്കൾ ജയിലിനകത്തെ 'ഗ്യാംഗ്' ആവശ്യക്കാർക്ക് വിലകൂട്ടി വിൽക്കുന്ന പതിവുമുണ്ട്.
മജീഫിൽ നിന്ന് കൂടുതൽ വിവരങ്ങൾ
ലഹരി വസ്തുക്കൾ എറിഞ്ഞുനൽകുന്ന സംഘത്തിലെ പ്രധാനിയായ മജീഫ് കഴിഞ്ഞ ദിവസമാണ് പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്റ് 24ന് ലഹരി എറിഞ്ഞുനൽകുന്നതിനിടെ ഇയാളുടെ കൂട്ടാളി അക്ഷയ് പിടിയിലായിരുന്നു. ഇരുവരെയും കൂടാതെ അന്ന് രക്ഷപ്പെട്ട മൂന്നാമനെ പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മജീഫിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ന് നൽകും. കരിപ്പൂരിലെ സ്വർണക്കടത്തിലും ചക്കരക്കല്ലിൽ ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി എട്ട് ലക്ഷം കവർന്നതുമടക്കം അഞ്ച് കേസുകളിൽ പ്രതിയാണ് മജീഫ്.ഈയാളെ കസ്റ്റഡിയിൽ കിട്ടുന്നതോടെ ജയിലിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. മജീഫിനെ ഇന്നോ നാളെയോ കസ്റ്റഡിയിൽ വാങ്ങും. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും- വിനോദ് ,അന്വേഷണ ഉദ്യോഗസ്ഥൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |