കണ്ണൂർ: കണ്ണൂരിനെ നടുക്കി ഒരാളുടെ മരണത്തിനിടയാക്കിയ കീഴറയിലെ വൻസ്ഫോടനത്തിലും അന്വേഷണത്തിലും മുൻകാല അനുഭവം ആവർത്തിക്കുന്നു. സ്ഫോടനങ്ങളുടെ പേരിലും ബോംബ് നിർമ്മാണത്തിലും കുപ്രസിദ്ധി നേടിയ കണ്ണൂരിൽ ശക്തമായ നിയമനടപടിയുടെ അഭാവമാണ് പ്രതികൾക്ക് കുറ്റകൃത്യം ആവർത്തിക്കാനുള്ള സാദ്ധ്യത നൽകുന്നത്. അനൂപ് മാലിക്ക് പ്രതി ചേർക്കപ്പെട്ട മറ്റ് സ്ഫോടനക്കേസുകളുടെ ഗതി തന്നെയായിരിക്കും ഈ കേസിനുമെന്നതാണ് പൊതുവേയുള്ള ആശങ്ക.
2016 മാർച്ച് 23ന് പതിനേഴോളം വീടുകൾ തകർന്ന മൊടിക്കുണ്ടിലെ വാടകവീട്ടിലെ വൻസ്ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ടയാളാണ് അനൂപ് മാലിക്ക്. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്ന താരതമ്യേന ഗൗരവം കുറഞ്ഞ വകുപ്പിന്റെ ആനുകൂല്യത്തിലാണ് ഈയാൾ പുറത്തിറങ്ങിയത്. കീഴറയിലെ സ്ഫോടനത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിനു മുന്നിൽ ഈയാൾ ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഈയാളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സ്ഫോടനത്തിൽ മരിച്ചയാൾക്ക് വീട് വാടകക്കെടുത്ത് നൽകുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു ഈയാളുടെ മൊഴി.
സംഭവം നടക്കുമ്പോൾ നാട്ടിലുണ്ടായിരുന്നില്ലെന്നും ഈയാൾ പറയുന്നു.
സ്ഫോടനക്കേസുകളിൽ ആവർത്തിച്ച് പ്രതിയാകുന്ന അനൂപ് മാലിക്കിനെതിരെ ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്. ഇതിനായി ഇയാളുടെയും സുഹൃത്തുക്കളുടെയും ഫോൺ കാളുകൾ പരിശോധിക്കുന്നുണ്ട്. ഈയാളുടെ റൂട്ട് മാപ്പും സ്ഫോടനം നടന്ന വീട്ടിലേക്കുള്ള പോക്കു വരവും ഇതിനകം അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്.
അനൂപ് മാലിക്കിനെതിരെ നിലവിൽ ഏഴ് കേസുകളാണ് ജില്ലയിലുള്ളത് .ഇവയെല്ലാം സ്ഫോടനവുമായി ബന്ധപ്പെട്ടതും കോടതിയുടെ പരിഗണനയിലുള്ളതുമാണ്.
പത്തുവർഷം; നൂറ് സ്ഫോടനക്കേസുകൾ
കഴിഞ്ഞ പത്ത് വർഷത്തിനിടെ കണ്ണൂരിൽ മാത്രമായി രജിസ്റ്റർ ചെയ്തത് നൂറിലേറെ സ്ഫോടനങ്ങളാണ്.ഈ കേസുകളിലെല്ലാം അലക്ഷ്യമായി സ്ഫോടകവസ്തു കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പെട്ടെന്നു തന്നെ ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ഇതെ കുറ്റകൃത്യം ആവർത്തിക്കുന്നതും കണ്ണൂരിൽ പതിവ് സംഭവമാണ്.
വെടിമരുന്ന് നിർമ്മാണമേഖലയിൽ മുപ്പത് വർഷം
കീഴറ സ്ഫോടനക്കേസിൽ ബന്ധമില്ലെന്ന് ആവർത്തിച്ചു പറയുന്ന അനൂപ് മാലിക്കിന് പക്ഷെ ഈ രംഗത്ത് മുപ്പത് വർഷങ്ങളുടെ
പരിചയമുണ്ടെന്നാണ് പറയപ്പെടുന്നത്. ചെറുപ്രായത്തിൽ തന്നെഏറുപടക്കങ്ങളും ഗുണ്ടും നിർമ്മിച്ച് തുടങ്ങിയ ഇയാൾ പിന്നീട് 'ടോറ' അടക്കമുള്ളവയുടെ നിർമ്മാണരീതിയും മനസിലാക്കി. ഇതിനുള്ള അസംസ്കൃത വസ്തുക്കൾ തൃശ്ശൂരിൽ നിന്ന് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുണ്ടുകൾ നിർമ്മിച്ചുതുടങ്ങിയതോടെ ഈ മേഖലയിൽ ഈയാൾ അറിയപ്പെടാനും തുടങ്ങി.മറ്റ് പടക്ക നിർമാതാക്കളുടെ ലൈസൻസ് മറയാക്കിയായിരുന്നു സ്ഫോടകവസ്തു നിർമ്മാണം. ഉത്സവങ്ങൾക്കുള്ള വെടിമരുന്ന് എത്തിച്ചുതുടങ്ങിയതിന് പിന്നാലെ അനധികൃതമായി തൊഴിലാളികളെ വച്ചും വിവിധ ഇടങ്ങളിൽ വീട് വാടകയ്ക്ക് എടുത്തും ഇവയുടെ നിർമ്മാണം തുടങ്ങുകയായിരുന്നത്രെ.ജില്ലയിൽ പലയിടത്തും ഒളിവിലും മറവിലും നടക്കുന്ന സ്ഫോടനങ്ങൾക്കുള്ള വെടിമരുന്ന് എത്തിക്കുന്നതിന് പിന്നിൽ ഈയാളുടെ പങ്ക് സംശയിക്കുന്നവരുമുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി നേതൃത്വവുമായും ഉദ്യോഗസ്ഥരുമായും അനൂപ് മാലിക്കിന് അടുത്ത ബന്ധമുള്ളതായും ആരോപണമുയർന്നിരുന്നു.
രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കണ്ണൂർ: കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കൂടി കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പടുവിലായി സ്വദേശി പി.അനീഷ്(36), ഉരുവച്ചാൽ സ്വദേശി പി.രഹീൽ(33) എന്നിവരെയാണ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളാണ് ഈ അറസ്റ്റിലേക്ക് നയിച്ചത്. അന്വേഷണം ഊർജസ്വലമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |