കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബിന്റെ ഹോം സ്‌റ്റേഡിയമായി കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തെ തിരഞ്ഞെടുത്തു. ആദ്യ സീസണിൽ ഹോം സ്‌റ്റേഡിയം ഇല്ലാതെയാണ് വാരിയേഴ്സ് മത്സരിച്ചത്. അന്ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിക്കൊപ്പമായിരുന്നു കണ്ണൂരിന്റെ ഹോം മത്സരങ്ങൾ നടന്നത്.
35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവിൽ ബലക്ഷയം കാരണം ഉപയോഗിക്കാൻ സാധിക്കുകയില്ല. അതിനാൽ 15,000 ത്തിലധികം പേർക്കായിരിക്കും മത്സരം കാണാൻ സാധിക്കുക. സൂപ്പർ ലീഗ് കേരള മത്സരങ്ങൾ തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഗ്രൗണ്ടിൽ പുല്ല് പരിപാലന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഗ്യാലറിയിലെ അറ്റക്കുറ്റപണികൾ, ഫ്‌ളെഡ്‌ലൈറ്റ് സ്ഥാപിക്കൽ, പെയിന്റിംഗ്, പരിസരം വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തികൾ നടക്കാനുണ്ട്.
ചെറിയ ഇടവേളയ്ക്ക് ശേഷം കണ്ണൂരിലേക്ക് ദേശീയതലത്തിലുള്ള മത്സരം മടങ്ങിയെത്തുന്നുവെന്നത് ഫുട്‌ബോൾ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കണ്ണൂരിന്റെ ഹൃദയഭാഗത്തായതിനാൽ മത്സരം കാണാൻ കൂടുതൽ പേർക്ക് എത്താമെന്നതും പ്രത്യേകതയാണ്.
ഫുട്ബാൾ ദൈവം പന്തു തട്ടിയ സ്റ്റേഡിയം
ഫുട്‌ബോൾ ഇതിഹാസമായ ഡീഗോ മറഡോണ പന്ത് തട്ടിയ കേരളത്തിലെ ഏക സ്റ്റേഡിയമാണ് കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയം. ഫെഡറേഷൻ കപ്പ്, ഇ.കെ.നായനാർ ഇന്റർനാഷണൽ ടൂർണമെന്റ്, ശ്രീ നാരായണ ട്രോഫി, സീസർസ് കപ്പ്, കേരള പ്രീമിയർ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങൾക്ക് നേരത്തെ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008 ൽ നടന്ന ഇ.കെ.നായനാർ ഇന്റർനാഷണൽ ട്രോഫിയിലാണ് ഗ്യാലറി നിറഞ്ഞു കവിഞ്ഞത്.2012 ഒക്ടോബറിൽ മറഡോണ കണ്ണൂരിലെത്തിയപ്പോൾ 50,000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്.
ഫോട്ടോ
കണ്ണൂർ മുൻസിപ്പൾ ജവഹർ സ്റ്റേഡിയത്തിൽ പുല്ല് പരിപാലന പ്രവർത്തികൾ നടക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |