കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടർമാരുള്ള കോർപ്പറേഷനായി കണ്ണൂർ.1,91,835 വോട്ടർമാരാണ് കോർപ്പറേഷനുള്ളിലുള്ളത്. ഇതിൽ 1,04,700 പേർ വനിതകളാണ്. പുരുഷവോട്ടർമാരുടെ എണ്ണം 87135. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 1,81937 വോട്ടർമാരാണുണ്ടായത്.
പിന്നീട് കൂട്ടിച്ചേർക്കലുകൾക്കും മാറ്റം വരുത്തലുകൾക്കുമൊടുവിലാണ് 9,898 വോട്ടർമാർ കൂടി അന്തിമ പട്ടികയിൽ ഇടം നേടിയത്. പ്രവാസികളായ വോട്ടർമാർ എട്ടുപേർ മാത്രമാണ്.കോർപറേഷനിലെ താമസക്കാരിൽ വലിയൊരു വിഭാഗത്തിന് മറ്റിടങ്ങളിലാണ് വോട്ട്. സ്ഥിരതാമസക്കാരല്ലാത്തവരും നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്നവരുമായ വലിയൊരു വിഭാഗമുണ്ട്.
ഏറ്റവും ചെറിയ കോർപറേഷൻ
ആറ് കോർപറേഷനുകളിൽ ഏറ്റവും ചെറുതാണ് കണ്ണൂർ കോർപ്പറേഷൻ. ഏറ്റവും അവസാനം രൂപീകരിച്ചതും കണ്ണൂർ കോർപറേഷൻാണ്. വിസ്തീർണം 73 ചതുരശ്ര കിലോമീറ്റർ. തിരുവനന്തപുരമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷൻ.
ജില്ലയിൽ 73,018 വോട്ട് വർദ്ധിച്ചു
ജില്ലയിൽ 2020ലെ തിരഞ്ഞെടുപ്പിലുണ്ടായതിനേക്കാൾ 73,018 വോട്ടർമാർ കൂടുതലാണ്. ആകെ 21,09,957വോട്ടർമാരാണ് ജില്ലയിലുള്ളത്. കരട് പട്ടികയേക്കാൾ 1,28,218 വോട്ടർമാർ കൂടി.
പട്ടികയിൽ അപാകത?
കടമ്പൂർ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ അപാകതയുണ്ടെന്ന ആരോപണങ്ങളുമായി കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കരട് പട്ടികയിലുള്ള പോരായ്മകൾ പരിഹരിക്കാതെ അന്തിമ പട്ടിക പുറത്തിറക്കിയതെന്നാണ് ആരോപണം. ഇതിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതിയും നൽകിട്ടുണ്ട്. ഡി ലിമിറ്രേഷൻ നടപടികൾ പൂർത്തിയാക്കി നിലവിൽ വന്ന പുതിയ വാർഡിൽ ഉൾപ്പെടുത്തേണ്ടുന്ന വോട്ടർമാരുടെ പേരുകൾ മറ്റിടങ്ങളിലേക്ക് മാറ്റിയെന്നാണ് കോൺഗ്രസ് ആരോപണം.
മട്ടന്നൂരിൽ കരട് പട്ടികയിലും കുറഞ്ഞ വോട്ടർമാർ
അന്തിമ പട്ടിക വന്നപ്പോൾ മട്ടന്നൂരിലെ വോട്ടർമാരുടെ എണ്ണം കരട് വോട്ടർപ്പട്ടികയിലുള്ളതിനേക്കാൾ കുറവാണ്. 169 പേരാണ് കുറഞ്ഞത്. കരട് പട്ടികയിൽ 38,403 വോട്ടർമാരാണുണ്ടായിരുന്നത്. അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 38,234 പേരും. കരടുപട്ടികയിൽ 17,950 പുരുഷൻമാരും 20,451 സ്ത്രീകളും 2 ട്രാൻസ്ജെൻഡുമാരുമാണുള്ളത്. അന്തിമപട്ടികയിൽ 97 പുരുഷന്മാരുടെയും 72 സ്ത്രീകളുടേയും വോട്ട് കുറവ് വന്നു.
കടമ്പൂരിൽ വോട്ടർപട്ടികയിലെ പോരായ്മകൾ പരിഹരിക്കാത്തത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. അഗീഷ് കാടാച്ചിറ, സഗേഷ് കുമാർ - ധർമ്മടം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |