കണ്ണൂർ: ജില്ലയിൽ അനധികൃത 'റെൻഡ് എ കാറു'കൾ വരുത്തിവെക്കുന്നത് അപകടങ്ങളും കടുത്ത നിയമലംഘനങ്ങളും. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെയാണ് ഇവ ചീറിപായുന്നത്. കഴിഞ്ഞയാഴ്ച ജില്ലയിലുണ്ടായ അപകടങ്ങളിൽ രണ്ടെണ്ണം ഇത്തരം വാഹനങ്ങളെകൊണ്ടായിരുന്നു. ഇരിട്ടി -കൂട്ടുപുഴ കെ.എസ്.ടി.പി റോഡിലും പയ്യാവൂർ മലയോര ഹൈവേയിലുമായുണ്ടായ രണ്ട് അപകടങ്ങളിലും വാഹനങ്ങൾ പൂർണമായും തകർന്നു.
തലനാരിഴയ്ക്കാണ് ആളപായമൊഴിവായതെന്നാണ് ഈ അപകടങ്ങളിൽ ദൃക്സാക്ഷികൾ പറഞ്ഞത്. വിദ്യാർത്ഥികളും കൗമാരക്കാരുമാണ് ഇത്തരം വാഹനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജുകളിൽ ഓണാഘോഷ പരിപാടികൾക്കും വാടക കാറുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം കാറുകളുടെ അമിത വേഗമാണ് പല അപകടങ്ങൾക്കും ഇടയാക്കുന്നത്. ശരിയായ അറ്രകുറ്റപണികൾ നടത്താത്തതും കാരണമാകുന്നുണ്ട്. നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയത്. എന്നാൽ ഇവയൊന്നും പരിഹാരമാകുന്നില്ല. അപകടങ്ങളിൽ പെടുമ്പോഴും സുഹൃത്തിന് ഉപയോഗിക്കാൻ നൽകിയത് എന്ന മൊഴി വിശ്വസിക്കേണ്ട ഗതികേടിലാണ് പൊലീസ്.
ഓടുന്നത് മലയോരത്ത്
ജില്ലയിലെ ഉൾപ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് കൂടുതലായി ഇത്തരം കാറുകൾ ഓടുന്നത്. ഇരിട്ടിയിൽ മാത്രമായി അഞ്ഞൂറിലധികം കാറുകൾ ഓടുന്നതായാണ് സൂചന. അതിർത്തി പ്രദേശമായതിനാൽ ഇവ ലഹരിക്കടത്തിനുൾപ്പെടെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. യൂസ്ഡ് കാർ കമ്പനികളുടേയും വർക്ക് ഷോപ്പുകളുടേയും മറവിലാണ് ജില്ലയിലുടനീളം പലരും കാറുകൾ വാടകയ്ക്ക് നൽകുന്നത്. വിദേശത്തു നിന്നും എത്തുന്നവർക്ക് മാസങ്ങളോളം വാഹനം ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ വാഹനങ്ങൾ നിരത്തിലോടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിനും ലഭിക്കുന്നുണ്ട്.
ഇത് നിയമവിരുദ്ധ ഏർപ്പാട്
കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുക നിയമവിരുദ്ധമാണ്. ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്ത സംവിധാനങ്ങളുണ്ട്. 'റെന്റ് എ ക്യാബ്' എന്നതാണ് ഇതിന് കേരളത്തിലുള്ള സംവിധാനം. ഇത്തരം കാറുകളുടെ നമ്പർ പ്ളേറ്രുകൾ കറുപ്പിൽ മഞ്ഞ നിറത്തിലുള്ളതായിരിക്കും.സ്വകാര്യ വാഹനങ്ങൾ പ്രതിഫലം വാങ്ങിക്കൊണ്ടാണ് മറ്റൊരാൾക്ക് വിട്ടു നൽകുന്നതെങ്കിൽ അത് നിയമവിരുദ്ധമാണ്. എന്നാൽ പണമിടപാടിന് തെളിവുകളുമില്ലാത്തതും ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തതിന് കാരണമാണ്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ അനുവദിക്കാത്തത്. അനധികൃതമായി വാടകയ്ക്ക് നൽകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദ് ചെയ്യും. -മോട്ടോർ വാഹന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |