കണ്ണൂർ : വിളനാശം നേരിടേണ്ടി വന്ന കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഓണം കഴിഞ്ഞിട്ടും ലഭ്യമായില്ല.സംസ്ഥാന സർക്കാർ വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ കർഷകർക്ക് പ്രഖ്യാപിച്ച സഹായമാണ് ഇനിയും എത്താത്തത്. പ്രകൃതിക്ഷോഭത്തിലും വന്യ ജീവി ആക്രമണത്തിലും മറ്റുമായി കൃഷി നശിച്ച ആയിരക്കണക്കിന് കർഷകരാണ് സഹായം കാത്തിരിക്കുന്നത്.
കേളകം,കൊട്ടിയൂർ ,ആറളം,പേരാവൂർ,കോളയാട്,പായം,അയങ്കുന്ന് എന്നിവിടങ്ങളിലെല്ലാം വലിയ തോതിൽ കൃഷി നശിച്ചിരുന്നു.കൃഷിഭവനുകൾ നാശനഷ്ടക്കണക്ക് തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടി ഇഴയുകയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം വരെയുള്ള തുക മാത്രമാണ് കാലാവസ്ഥാധിഷ്ഠിത ഇൻഷ്വറൻസ് പരിരക്ഷ വഴി കർഷകർക്ക് ലഭിച്ചത്.
എസ്.ഡി.ആർ.എഫ് ഫണ്ടും സംസ്ഥാന വിഹിതവും ചേർന്നുള്ള നഷ്ടപരിഹാരമാണ് കർഷകർക്ക് നൽകുന്നത്.ഇൻഷുറൻസ് ചെയ്ത വിളകൾക്ക് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമാണ് നഷ്ട പരിഹാരം നൽകുന്നത്.ഇതിന് പുറമെ കൃഷിയിടത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാനും ഉരുൾപ്പൊട്ടി കൃഷിയിടം ഒലിച്ച് പോയതിനും കേടു വന്ന പമ്പു സെറ്റുകളുടെ അറ്റകുറ്റപണികൾക്കും ബണ്ടുകളുടെ പുനർനിർമ്മാണത്തിനും കൃഷിയിടത്തിലെ വെള്ളക്കെട്ട് നീക്കാനുമടക്കം എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും നഷ്ടപരിഹാരമുണ്ട്.എന്നാൽ ഇതൊന്നും കൃത്യമായി കർഷകർക്ക് ലഭിക്കുന്നില്ല.
ആറുമാസത്തിനിടെ പ്രകൃതിക്ഷോഭത്തിൽ ജില്ലയിൽ
₹20 കോടിയുടെ നഷ്ടം
ഇൻഷ്വറൻസ് പരിരക്ഷ 27 വിളകൾക്ക്
സംസ്ഥാന വിള ഇൻഷുറൻസിന്റെ പരിരക്ഷ 27 ഇനം കാർഷിക വിളകൾക്കാണുള്ളത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കർഷകനും പ്രീമിയം അടച്ച് കാർഷിക പരിരക്ഷ ഉറപ്പാക്കാം. കശുമാവ്, റബ്ബർ, തെങ്ങ്, കമുക്, കുരുമുളക്, വാഴ തുടങ്ങിയവയുടെ എണ്ണം കണക്കാക്കിയാണ് പ്രീമീയവും നഷ്ടപരിഹാരവും കണക്കാക്കുന്നത്.
കൃഷി നഷ്ടപരിഹാരം
നെൽകൃഷി (45-ദിവസം) ₹35,000 (ഹെക്ടറിന് )
തെങ്ങ് ₹2000
കവുങ്ങ്-(മൂന്ന് വർഷം) ₹200
റബ്ബർ ₹1000
സംസ്ഥാനത്ത് ഒന്നരലക്ഷം പേർ
കാർഷിക വിളകൾ നശിച്ചതിന് പിന്നലെ നഷ്ട പരിഹാരം തുകയും ലഭിക്കാത്തത് കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുകയാണ്.പലരും ബാങ്ക് വായ്പയും മറ്റുമെടുത്ത് ചെയ്ത കൃഷിയാണ് പ്രകൃതിക്ഷോഭത്തിനിരയായത്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം കർഷകർക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |