കണ്ണൂർ : നാട് ഇന്ന് ഉത്രാട പാച്ചിലിലേക്ക്. പൊന്നിൻചിങ്ങത്തിലെ തിരുവോണത്തെ വരവേൽക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് എല്ലാവരും.പൂക്കളും സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമൊക്കെ വാങ്ങാനുള്ള അവസാനവട്ട ഓട്ടം.ഇടയ്ക്കിടെ പെയ്യുന്ന മഴ വില്ലനാകുന്നുണ്ടെങ്കിലും നഗരം ഇന്നലെ ആളുകളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി മാറി നിന്ന മഴ ഇന്നലെ ഉച്ചയോടെ ആഞ്ഞുപെയ്തത് തെരുവു കച്ചവടക്കാരെ വെട്ടിലാക്കിയിരുന്നു.പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചെല്ലാമാണ് ഇവർ ഞൊടിയിടയിലുള്ള മഴയെ പ്രതിരോധിക്കുന്നത്.
നഗരത്തിലെ വസ്ത്രാലയങ്ങളിലും പച്ചക്കറികടകളിലും സൂപ്പർമാർക്കറ്റുകളിലും തെരുവുക്കച്ചവടങ്ങളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂർ സ്റ്റേഡിയം കോർണ്ണർ,ടൗൺ സ്ക്വയർ,പൊലീസ് മൈതാനി ,പഴയ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങി എല്ലായിടത്തും തെരുവുകച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ളവരാണ് ഓണവിപണി കൈയടക്കി വച്ചിരിക്കുന്നത്.ചെറിയ വിലയ്ക്ക് വസ്ത്രങ്ങൾ,കമ്മലുകൾ,ചെരുപ്പ്,കരകൗശല ഉത്പ്പന്നങ്ങൾ എന്നിവയെല്ലാം തെരുവിൽ ലഭ്യമാണ്. രാവിലെ മുതൽ രാത്രി വരെ ഇവർ നഗരത്തിൽ കച്ചവടവുമായി സജീവമാണ് .
ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, വസ്ത്ര വ്യാപാരസ്ഥപനങ്ങളും മറ്റും വമ്പൻ ഓഫറുകളുമായി വിപണിയിൽ സജീവമാണ്.പ്രമുഖ വസ്ത്ര സ്ഥാനപനങ്ങളെല്ലാം വളരെ മികച്ച ഓഫറുകളാണ് മുന്നോട്ടു വച്ചിട്ടുള്ളത്.മൺപാത്രങ്ങളുമായും നിരവധി കച്ചവടക്കാർ എത്തിയിട്ടുണ്ടെങ്കിലും വിപണി നന്നേ കുറവാണ്. ഓണത്തിന് ദിവങ്ങൾക്ക് മുമ്പ് തന്നെ സ്റ്റേഡിയം കോർണറിലും പൊലിസ് മൈതാനിയിലും മൺപാത്രക്കച്ചവടക്കാർ എത്തിയിരുന്നു. എൺപതു മുതൽ 500 രൂപ വരെയാണ് വില.
നഗരത്തിലെ തിരക്ക് കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും കൂടുതൽ പൊലീസിനെ വിവിധ ഇടങ്ങളിൽ വിന്യസിപ്പിക്കും.
ഉപ്പേരി, പുളിയിഞ്ചി, അച്ചാർ
സദ്യവട്ടത്തിന് മുന്നൊരുക്കം
നാളെ തിരുവോണം ആഘോഷിക്കാൻ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിൽ തന്നെ മിക്കവരും തയ്യാറാക്കി വെക്കും. ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകൾ തുടങ്ങിയ വിഭവങ്ങൾ തലേദിവസം തന്നെ ഒരുക്കുന്നതും പതിവാണ്. ഓണത്തിന് മുമ്പെ അടുക്കളയിൽ ആഘോഷം എത്തിയെന്ന് ചുരുക്കം .
മഴക്ക് ഇവിടെ വില്ലൻ റോൾ
മലയോര മേഖലയിൽ കനത്തു പെയ്യുന്ന മഴ ഓണാഘോഷങ്ങളുടെ നിറം കെടുത്തുകയാണ്. ബാവലി പുഴ കരകവിഞ്ഞിരിക്കുകയാണ്. ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് കണ്ണൂരിന്റെ മലയോര മേഖലയിൽ അനുഭവപ്പെടുന്നത്. ഇരിട്ടി, ആറളം, കൊട്ടിയൂർ മേഖലകളിൽ ഇന്നലെ രാവിലെയും കനത്ത മഴ തുടർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളം കയറി.ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി. ആറളം വനമേഖലയിൽ ഉരുൾപ്പൊട്ടിയിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിശക്തമായ കാറ്റും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കണ്ണൂർ ടൗൺ, തളിപ്പറമ്പ് മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |