കാസർകോട്: നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാരന് സഹായകമാകുന്ന വിധത്തിൽ ജീവനക്കാർ കൈകാര്യം ചെയ്യണമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കാസർകോട് റവന്യൂ ഡിവിഷണൽ ഓഫീസ് കെട്ടിടവും ജില്ലാതല പട്ടയ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമങ്ങളിലെ കുരുക്കുകൾ കാട്ടി അവരെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി പറഞ്ഞു.
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. 2026 ജനുവരി മാസത്തോടെ കേരളത്തിലെ കുടിയാൻമാരുടെ പരാതികളും പ്രശ്നങ്ങളും പൂർണ്ണമായും തീർത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. യുണീക് തണ്ടർപേർ സംവിധാനം അവതരിപ്പിച്ചതോടെ വസ്തു വാങ്ങിക്കുന്ന ഉടമസ്ഥന്റെ ആധാറും തണ്ടപ്പേരും ലിങ്ക് ചെയ്യുകയാണ്. അതോടെ 15 ഏക്കറിൽ അധികം ഭൂമി കൈവശമുള്ളവരെ എളുപ്പം കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.മുഖ്യാതിഥിയായി. കാസർകോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ, അഡ്വ.സി എച്ച് കുഞ്ഞമ്പു, എ.കെ.എം അഷറഫ്, നഗരസഭ അദ്ധ്യക്ഷൻ അബ്ബാസ് ബീഗം, മുനിസിപ്പൽ വാർഡ് കൗൺസിലർ വിമല ശ്രീധരൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.എം.എ കരീം, സി.പി ബാബു, ഖാദർ ബദരിയ, സജി സെബാസ്റ്റ്യൻ, അബ്ദുൾ റഹിമാൻ ബാങ്കോട്, എം. അനന്തൻനമ്പ്യാർ, അസീസ് കടപ്പുറം, ടി.പി.നന്ദകുമാർ, ദാമോദരൻ ബെള്ളിഗെ, വി.കെ.രമേശൻ, സണ്ണി അരമന, കെ.എം ഹസൈനാർ, ജോർജ്ജ് പൈനാപ്പിള്ളി, നാഷണൽ അബ്ദുള്ള എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ സ്വാഗതവും ആർ.ഡി.ഒ ബിനു ജോസഫ് നന്ദിയും പറഞ്ഞു. എ ഡിഎം പി അഖിൽ തഹസിൽദാർമാർ മറ്റു റവന്യൂ ഉദ്യോഗസ്ഥർ, സർവ്വേ വകുപ്പ് പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |