കാസർകോട്: പട്ടായയിലെ ചോൺപുരി പ്രൊവിൻസിലെ നോംഗ് നൂച് ഉദ്യാനത്തിൽ മലയാളിയുടെ സ്വന്തം തിരുവാതിര ചുവടുകളുമായി ഒരു കൂട്ടം മലയാളി മങ്കമാർ. കാബോൺ ടാൻസിച്ചയുടെ ഉടമസ്ഥതയിൽ അറുന്നൂറേക്കറുകളിലായി പരന്നുകിടക്കുന്ന ലോകത്തിലെ പത്ത് ഉദ്യാനങ്ങളിലൊന്നായ ഇവിടേക്ക് എത്തിയ കൗമാരപ്രായക്കാർ തൊട്ട് റിട്ട. അദ്ധ്യാപികമാരാണ് തിരുവാതിരയാടിയത്.
ടൂർ പാക്കേജിന്റെ ഭാഗമായി അഞ്ചു ദിവസത്തെ യാത്രയ്ക്ക് എത്തിയതായിരുന്നു ഇവരടക്കമുള്ള 31 അംഗസംഘം. യാത്രയ്ക്ക് മുമ്പ് പെരുമ്പടവിലെ പി.കെ.രാമചന്ദ്രനാണ് കേരളീയവേഷം ധരിച്ച് ഓണാഘോഷമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. വേഷവും പാട്ടും ചുവടുകളുമായി മലയാളിസംഘം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിനോദസഞ്ചാരികൾക്കു കൗതുകമായി.കൗമാരപ്രായക്കാർ തൊട്ട് റിട്ട. അധ്യാപികമാർ വരെ അണി നിരന്ന തിരുവാതിര ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി. റിട്ട.അദ്ധ്യാപികമാരായ എ.കെ പ്രമീള, വിനോദിനി വേലായുധൻ, അംഗൻവാടി വർക്കർ തങ്കമണി, വീട്ടമ്മയായ രാഖി, ആയുർവേദ ഡോക്ടർ വിപിന ശരത് കുമാർ,ചന്തേര ഗവ.യു.പി. സ്‌കൂൾ അദ്ധ്യാപിക ബീന പിലാങ്കു, മകൾ ഡോ.പൂജ എന്നിവരോടൊപ്പം സ്വകാര്യ ബാങ്കുടമ പി.കെ.രാമചന്ദ്രൻ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, റിട്ട.കൃഷി ഉദ്യോഗസ്ഥൻ കെ.വി.വിജയൻ , കുഞ്ഞിമംഗലം സ്വദേശികളും റിട്ട.അധ്യാപകരുമായ വിനോദ്, രാജൻ, ജലസേചന വകുപ്പ് ഓവർ സീയർ ശരത് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കെ. മണികണ്ഠനായിരുന്നു ടീം മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |