കൊച്ചി: കണ്ണീരണിഞ്ഞ കാഴ്ചകളെ നാടകങ്ങളാക്കിയ മത്സ്യത്തൊഴിലാളി തിലകൻ പൂത്തോട്ടയുടെ ഏകപാത്ര നാടകം 'കഞ്ഞി കുടിച്ചിട്ടു പോകാം" അരങ്ങുകൾ പിന്നിട്ട് റെക്കാഡിലേക്ക്. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളിയിൽ 155-ാം അരങ്ങിൽ അവതരിപ്പിച്ചു. ഇത്തവണയും അരങ്ങിലെത്തിയത് പറവൂർ രംഗനാഥ്. പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന തിലകൻ 63 വയസിനുള്ളിൽ എഴുതിയത് 25 നാടകങ്ങൾ. ഒരേയൊരു ഏകപാത്ര നാടകമാണിത്.
പൂത്തോട്ട കെ.പി.എം.എച്ച്.എസിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ ആദ്യ നാടകം 'പ്രതികാരം" ഹിറ്റായതോടെയാണ് 'താര" മായത്. ആനുകാലികങ്ങളിലെ കഥകളെ അടിസ്ഥാനമാക്കി കുട്ടികൾ സ്‌കൂളിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്ന കാലത്ത് സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത തിലകനെ അദ്ധ്യാപകർ പ്രോത്സാഹിപ്പിച്ചു. അച്ഛൻ വേലു കിടപ്പുരോഗി ആയിരുന്നതിനാൽ മത്സ്യ വില്പനയ്‌ക്കു പോയി കുടുംബം പുലർത്തിയിരുന്ന അമ്മ തങ്കമ്മയ്‌ക്കു താങ്ങാകാൻ മത്സ്യത്തൊഴിലാളിയാകേണ്ടി വന്നു. സ്‌കൂളിലെ ചങ്ങാതിമാർക്കായി എഴുതിയ രണ്ടാമത്തെ നാടകം 'ചോരക്കണ്ണുള്ള കഴുകനും" ഹിറ്റായതോടെ ക്ലബുകളും നാടകസംഘങ്ങളും നാടകങ്ങൾക്കായി സമീപിച്ചു. അനുഭവങ്ങൾക്കു പുറമേ വായനയും എഴുത്തിന് ആവശ്യമാണെന്ന് അറിയാമായിരുന്നെങ്കിലും ഒരു പത്രം വാങ്ങാൻ പോലും നിവൃത്തിയില്ലായിരുന്നു. രാത്രിയിൽ മീൻ പിടിക്കാൻ പോയി രാവിലെ വായനശാലയിലെത്തി പുസ്തകങ്ങൾ വായിച്ചു.
2014ൽ എഴുതിയ 'കഞ്ഞി കുടിച്ചിട്ടു പോകാം" എ.കെ.ജി സെന്റർ, കെ.ടി.ഡി.സി, സംഗീത നാടക അക്കാഡമി, 'നാടക് " വേദികളിലടക്കം അവതരിപ്പിച്ചിട്ടുണ്ട്. മുംബയിലെയും അരങ്ങുകളിൽ ശ്രദ്ധേയമായി.
ഇതുൾപ്പെടെ ഏഴ് നാടകങ്ങളുടെ സമാഹാരം അടുത്തിടെ പുറത്തിറങ്ങി. നവോത്ഥാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഹൃദയപൂർവം, ഭക്തിപൂർവം ഭഗവതി സമക്ഷം, രാവണോത്സവം, ഇന്ദുമതി മരിച്ചിട്ടില്ല, സുനാമികൾ, അത്ഭുതങ്ങളുടെ താക്കോൽ എന്നിവയാണ് സമാഹാരത്തിലുള്ളത്. പലതും തെരുവു നാടകങ്ങളായും അവതരിപ്പിച്ചു.
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയാണ് പിന്തുണ നൽകുന്നത്. നാടകപരിശീലനവും ഇവിടെയാണ്. വാസന്തിയാണ് ഭാര്യ. മക്കൾ: വിദ്യാർത്ഥികളായ സേതുലക്ഷ്മി, ജ്യോതിലക്ഷ്മി.
ഹൃദയത്തിലുണ്ട്,
സഫ്ദർ ഹാഷ്മി
1989ൽ 'ഹല്ലാ ബോൽ" എന്ന തെരുവുനാടകം അവതരിപ്പിച്ചതിന്റെ പേരിൽ ഡൽഹിക്കു സമീപം കൊല്ലപ്പെട്ട സഫ്ദർ ഹാഷ്മി ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ കേരളത്തിലെത്തിയപ്പോൾ സന്ദർശിച്ചിരുന്നു. നാടകരചന തുടരണമെന്ന് അവർ പറഞ്ഞു.
അരുവിപ്പുറം പ്രതിഷ്ഠ മുതൽ ഗുരുവായൂർ സത്യഗ്രഹം വരെയുള്ള നവോത്ഥാനകാലഘട്ടം അനാവരണം ചെയ്യുന്ന 'നവോത്ഥാനത്തിന്റെ നാൾവഴികൾ" എന്ന സ്വന്തം നാടകത്തോട് ഏറെയിഷ്ടം. ഗുരുസ്വാമി, ഗാന്ധിജി, പണ്ഡിറ്റ് കറുപ്പൻ, അയ്യങ്കാളി, ആമചാടി തേവൻ, വി.ടി. ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭൻ, എ.കെ.ജി തുടങ്ങിയർ ഇതിൽ കടന്നുവരുന്നു
തിലകൻ പൂത്തോട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |