കൊച്ചി: 'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ." അട്ടപ്പാടിയിൽ നിന്ന് 20 കിലോമീറ്ററകലെ കാട്ടിൽ താമസിക്കുന്ന കുട്ടികളുടെ ചോദ്യം. പാലക്കാടിനും അപ്പുറം കൊച്ചിയിലെ കാഴ്ചകൾ കാണിച്ച് ആഗ്രഹസാഫല്യമേകി മഹാനടൻ മമ്മൂട്ടി. മെട്രോ ട്രെയിനും വിമാനം പറക്കുന്നതും ശസ്ത്രക്രിയ നടത്തുന്ന റോബോട്ടുകളെയും കണ്ട് മനം നിറഞ്ഞാണ് അവർ മടങ്ങിയത്.
പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എൽ.പി. സ്‌കൂളിലെ 19 വിദ്യാർത്ഥികളും 11 അദ്ധ്യാപകരുമാണ് മമ്മൂട്ടിയുടെ അതിഥികളായി കൊച്ചി സന്ദർശിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംഘാടകരായി.
ഫൗണ്ടേഷൻ പ്രവർത്തകരോട് പാലക്കാട് കാണാൻ ആഗ്രഹം അറിയിച്ച കുട്ടികളെ കൊച്ചി കാണിക്കാൻ മമ്മൂട്ടി നിർദ്ദേശിച്ചു.
മമ്മൂട്ടിയുടെ പിറന്നാളിന് മുന്നോടിയായി കേക്ക് മുറിച്ച് കുട്ടികൾ പങ്കിട്ടു. രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യനും കുട്ടികളും ചേർന്നാണ് കേക്ക് മുറിച്ചത്. യാത്രയിൽ പങ്കുചേരാൻ മമ്മൂട്ടി സന്തതസഹചാരിയായ എസ്. ജോർജിനെ ചെന്നൈയിൽ നിന്ന് അയച്ചിരുന്നു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർ റോബർട്ട് കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു.
അവിസ്മരണീയ യാത്രയ്‌ക്കൊടുവിൽ മമ്മൂട്ടിയുടെ സ്‌നേഹം അവരിൽ മധുരമായി നിറഞ്ഞു. അടുത്ത തവണ വിമാനയാത്രയൊരുക്കാമെന്നാണ് അദ്ദേഹം ഇവർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.
സംഘത്തിന്റെ യാത്ര ഇങ്ങനെ:
ശനിയാഴ്‌ച രാത്രി എത്തിയ സംഘം കളമശേരി ജ്യോതിർഭവനിൽ താമസിച്ചു.
ഇന്നലെ രാവിലെ ഏഴിന് കളമശേരി മെട്രോ സ്റ്റേഷനിലെത്തി. എസ്‌കലേറ്ററും ട്രെയിനും കുട്ടികൾക്ക് അദ്ഭുതക്കാഴ്ചകളായി.
ആലുവയിൽനിന്ന് ടൂറിസ്റ്റ് ബസിൽ കയറി രാജഗിരി ആശുപത്രിയിലെത്തി. റോബോട്ടിക് സർജറിയുടെ വിസ്മയലോകം കണ്ടു. റോബോട്ടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. രവികാന്ത് ആർ. കുട്ടികൾക്ക് പ്രവർത്തനരീതികൾ വിശദീകരിച്ചു.
മെട്രോ ഫീഡർ ബസിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദർശക ഗാലറിയിൽ നിന്ന് ആസ്വദിച്ചു. അറ്റകുറ്റപ്പണി കേന്ദ്രത്തിൽ വിമാനം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |