മുഹമ്മ: ശാരീരിക അവശതയും പ്രായാധിക്യത്തിന്റെ വൈഷമ്യങ്ങളും അലട്ടുമ്പോഴും
കക്ക വാരലിലൂടെ ജീവിത മാർഗ്ഗം കണ്ടെത്തുകയാണ് എഴുപത്തിയാറുകാരനായ ചെല്ലപ്പൻ.എത്ര ക്ഷീണമുണ്ടെങ്കിലും വെളുപ്പിന് ആര്യക്കര ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ട് തുടങ്ങുമ്പോൾ തന്നെ എഴുന്നേൽക്കും. കട്ടൻചായയും കുടിച്ച് അൽപ്പനേരം വിശ്രമിച്ചശേഷം ഏഴോടെ കക്ക വാരാൻ കടവിലേക്ക് പോകും.
വള്ളം തുഴഞ്ഞ് രണ്ടു കിലോമീറ്റർ ചുറ്റളവിൽ കായലിന്റെ ആഴങ്ങളിൽ മുങ്ങി കൈകൊണ്ട് കക്ക വാരി അരയിൽ കെട്ടിയ കൂടിൽ ശേഖരിക്കും. അത് നിറയുമ്പോൾ വള്ളത്തിലേക്ക് മാറ്റും. ഉച്ച വരെയെങ്കിലും ഇത് തുടർന്നലേ അഞ്ച് കിലോ ഇറച്ചിക്കുള്ള കക്ക ശേഖരിക്കാനാകൂ. ഉച്ചഭക്ഷണം കഴിച്ച് വൈകുന്നേരം വരെ പണിപ്പെട്ടാലേ കക്ക പുഴുങ്ങി ഇറച്ചി വേർതിരിച്ചെടുക്കാൻ കഴിയൂ. ഇത്രയും നേരം കഷ്ടപ്പെട്ടാൽ അഞ്ഞൂറോ, അറുന്നൂറോ രൂപ ലഭിക്കും. ഇതിനൊക്കെ ഭാര്യ ചിത്രയുടെ സഹായമുണ്ടാകും.തുടർന്ന് ഭാര്യ കക്ക ഇറച്ചി മുഹമ്മ ചന്തയിൽ കൊണ്ടുപോയി വിൽക്കും.
നാലിൽ തോറ്റു, കായൽ പോറ്റി
മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് കടകംശ്ശേരി ചെല്ലപ്പൻ മുഹമ്മ ആസാദ് സ്കൂളിൽ നാലാം ക്ലാസിൽ തോറ്റതോടെയാണ് കക്കവാരാൻ കായലിലേക്ക് ഇറങ്ങിയത്. ഈ വയസിലും അത് തുടരുന്നു. 15വർഷങ്ങൾക്ക് മുമ്പ് നടുവേദനയെ തുടർന്ന് ഒരു മേജർ ഓപ്പറേഷന് ചെല്ലപ്പന് വിധേയമാകേണ്ടി വന്നു. മൂന്ന് മാസത്തിന് ശേഷം വയറുവേദനയെ തുടർന്ന് വീണ്ടും ഓപ്പറേഷൻ. മകളെ വിവാഹം ചെയ്ത് അയച്ചു. എന്നാൽ, ചെല്ലപ്പന് തുണയാകേണ്ട മകൻ കൃഷ്ണകുമാറിന് (46) ജന്മനാ കാഴ്ചശക്തയില്ല. കൂടാതെ ശാരീരിക വെല്ലുവിളികളും നേരിടുന്ന ആളുമാണ്. അപ്പോൾ പിന്നെ എഴുപത്തിയാറുകാരനായ ചെല്ലപ്പന് കായലിന്റെ വിരിമാറിലേയ്ക്ക് മുങ്ങാംകുഴിയിടുകയേ നിവൃത്തിയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |