ആലപ്പുഴ: അമ്പലപ്പുഴ കരൂരിൽ ഷെഫീക്ക് ഹാഷിം (38) എന്ന പൊടിമിൽ ഉടമയുടെ കുമ്പളശ്ശേരിൽ വീട് ക്യാൻവാസാകാനൊരുങ്ങുകയാണ്. അഞ്ചു വയസുകാരനായ മകൻ ആത്തിഫ് ഭിത്തിയിൽ ചിത്രങ്ങൾ കോറിയിടുന്നത് പതിവാക്കിയപ്പോഴാണ് തന്റെ വീട് തന്നെ കലാകാരന്മാർക്ക് ക്യാൻവാസായി നൽകാമെന്ന ആശയം ഷെഫീക്കിന്റെ മനസിൽ ഉദിച്ചത്. 2017ൽ പണികഴിപ്പിച്ച ആയിരത്തിയഞ്ഞൂറ് സ്ക്വയർ ഫീറ്റുള്ള വീട്ടിൽ ഭിത്തികളും വിസ്താരമുള്ള ഹാളുകളും ധാരാളമുണ്ട്. രാജ്യത്ത് എവിടെ നിന്നുമുള്ള കലാകാരന്മാർക്കും വീട്ടിലെത്തി ചുവരുകളിൽ ചിത്രം വരയ്ക്കാം. പെയിന്റും, ബ്രഷും, ഭക്ഷണവും, ചെലവുമെല്ലാം ഷെഫീക്കിന്റെ വക. കലാകാരന്മാർ ആശയവും പ്രതിഭയും മാത്രം ചെലവാക്കിയാൽ മതിയാകും. ആർട്ടിസ്റ്റുകൾക്ക് അവർക്ക് സൗകര്യമുള്ള ദിവസങ്ങളിലെത്താം. എന്നാൽ, രണ്ട് നിബന്ധനകൾ മാത്രം. രാഷ്ട്രീയമോ, മതപരമോ ആയ തീമുകൾ ചിത്രങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
തലയിൽ ഉദിച്ച മറ്റൊരുആശയം
ഷെഫീക്ക് ഇത് ആദ്യമായിട്ടല്ല വ്യത്യസ്ത ആശയങ്ങളുമായി എത്തുന്നത്. സ്വന്തം തലയിലെ കഷണ്ടിയാണ് അടുത്തിടെ ഇദ്ദേഹം മാർക്കറ്റിംഗിന് ഉപയോഗിച്ചത്. തന്റെ കഷണ്ടി തലയിൽ പരസ്യം പതിച്ച് വീഡിയോ പരമാവധി പ്രചരിപ്പിക്കുന്നതായിരുന്ന ആശയം. ഇത് ഇഷ്ടപ്പെട്ടെത്തിയ കൊച്ചി ആസ്ഥാനമായ ഹെയർ ട്രാൻസ് പ്ലാന്റ് ക്ലിനിക്കിന്റെ പരസ്യം ഷെഫീക്ക് തലയിൽ പതിച്ചത് ഹിറ്റായിരുന്നു. ഭാര്യ ജസ്ന, പിതാവ് ഹാഷിം, മാതാവ് നബീസ എന്നിവർ ആശയങ്ങൾക്ക് പിന്തുണയുമായുണ്ട്.
ഇതൊരു പരീക്ഷണമാണ്. കലാകാരന്മാർ ആശയവുമായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ചെലവുകളും ഞാൻ വഹിക്കും
- ഷെഫീക്ക് ഹാഷിം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |