തിരുവനന്തപുരം: നിയമസഭയുടെ ശീതകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ ദിവസമായ ഇന്നലെ മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ രാഷ്ട്രീയ അതികായനുമായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ആദരമർപ്പിച്ച് സഭ പിരിഞ്ഞു.വി.എസിനും,മുൻ സ്പീക്കർ പി.പി.തങ്കച്ചനും, പീരുമേട് നിയമസഭാംഗമായിരുന്ന വാഴൂർ സോമനും ചരമോപചാരം അർപ്പിച്ചുള്ള സഭയുടെ പ്രമേയം സ്പീക്കർ എ.എൻ.ഷംസീറാണ് അവതരിപ്പിച്ചത്.വി.എസിന്റെ മകൻ അരുൺകുമാർ സന്ദർശക ഗ്യാലറിയിലുണ്ടായിരുന്നു.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരദ്ധ്യായത്തിനാണ് വി.എസിന്റെ മരണത്തോടെ തിരശ്ശീല വീണതെന്ന് ചരമോപചാരത്തിൽ ആമുഖമായി സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അദ്ദേഹം ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂർത്തികരണത്തിനായി നടത്തിയ ഇടപെടലുകളും കാലാതിവർത്തിയായി നിലകൊള്ളും. മുഖ്യധാര രാഷ്ട്രീയ വിഷയങ്ങളിൽ പരിസ്ഥിതിയെ കൊണ്ട് വരുന്നതിൽ വി.എസിന്റെ പങ്ക് വലുതാണ്.വിഎസ് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്തു.വി.എസ് നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളും ചർച്ചകളും പുതിയ തലമുറക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണ് വി എസെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹിച്ചു..
തുടക്കത്തിൽ തന്നെ ഇഷ്ടപ്പെടാതെ അകന്നു നിന്ന മധ്യവർഗത്തെ ഹൃദയത്തോട് ചേർത്തു പിടിച്ചാണ് വി.എസ്.കേരള രാഷ്ട്രീയത്തെ മാറ്റി മറിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു തന്നെ.പഴഞ്ചനായി കണ്ട സമൂഹത്തിന്റെ മനോഭാവം മാറ്റിയെടുപ്പിക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ രാഷ്ട്രീയ ചരിത്രത്തിലെ വിസ്മയമാക്കുന്നതെന്നും സതീശൻ പറഞ്ഞു.പാർട്ടി അച്ചടക്കത്തിന് പുറത്ത് ശരിയുടെ നിലപാടെടുത്ത നേതാവാണ് വി.എസെന്ന് ആർ.എം.പി അംഗം കെ.കെ.രമ പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും എന്നും താങ്ങും കരുത്തുമായിരുന്നു.ജീവിതം ഇരുട്ടിലേക്ക് പോയ സമയത്ത് കണ്ണീരൊപ്പാൻ ഓടിയെത്തിയ വി.എസ്, പിന്നീടുളള ജീവിതത്തിൽ
കരുത്തും പ്രചോദനവുമായെന്നും രമ പറഞ്ഞു.
പി.കെ.കുഞ്ഞാലിക്കുട്ടി,ഇ.ചന്ദ്രശേഖരൻ,റോഷി അഗസ്റ്റി,മോൻസ് ജോസഫ്,തോമസ് കെ.തോമസ്,മാത്യു.ടി.തോമസ്,അനൂപ് ജേക്കബ്, മന്ത്രി ഗണേഷ് കുമാർ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,കെ.പി.മോഹനൻ,മാണി.സി.കാപ്പൻ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |