ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് കേരളത്തിൽ അടക്കം ആധാർ സ്വീകരിക്കരുതെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആധാർ പൗരത്വത്തിനുള്ള രേഖയല്ലെന്നും കോടതി ആവർത്തിച്ചു. അതിനിടെ, അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ അടക്കം തീവ്ര വോട്ടർ പട്ടിക പുതുക്കൽ വേണമെന്ന ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി ഇന്നലെ നോട്ടീസ് അയച്ചു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായയുടെ ഹർജിയിലാണ് നടപടി.
കേരളത്തിലും പശ്ചിമബംഗാളിലും പുതുച്ചേരിയിലും അവസാനമായി തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിയുണ്ടായത് 2002ലാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാമിലും തമിഴ്നാട്ടിലും 2005ലും ചെയ്തു. തിരഞ്ഞെടുപ്പ് നടപടികളുടെ സംശുദ്ധിയും വിശ്വാസ്യതയും സംരക്ഷിക്കാൻ നടപടി അനിവാര്യമാണെന്ന് ഹർജിയിൽ ആവശ്യപ്പെട്ട പ്രകാരം കമ്മിഷനെ കേൾക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.നാളെ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേരുന്നുണ്ട്. എന്തു നിലപാട് സ്വീകരിക്കണമെന്ന് അതിൽ തീരുമാനിച്ചേക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുക്കുന്നുണ്ട്.
11 അടിസ്ഥാന രേഖകൾ
മൂന്നു തവണ കർശന നിർദ്ദേശം കോടതി നൽകിയിട്ടും ആധാർ തിരിച്ചറിയൽ രേഖയായി കമ്മിഷൻ സ്വീകരിക്കുന്നില്ലെന്ന് ആർ.ജെ.ഡിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. തുടർന്നാണ് കോടതി നയം വ്യക്തമാക്കിയത്. തുടർന്ന്, ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിക്ക് ഉറപ്പുനൽകി.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് നിലവിൽ 11 രേഖകൾ ഉപയോഗിക്കാം. 12ാമത്തെ രേഖയായി ആധാറിനെയും ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. തിരിച്ചറിയൽ രേഖയായി കണക്കാക്കണം. പൗരത്വ രേഖയാവില്ല. ആധാർ നിയമത്തിൽ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആധാറിന്റെ ആധികാരികത ഉദ്യോഗസ്ഥർക്ക് പരിശോധിക്കാമെന്നും കൂട്ടിച്ചേർത്തു. 'ഇന്ത്യ' മുന്നണി പാർട്ടികളും സന്നദ്ധസംഘടനകളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |