□29ന് നിയമസഭയിൽ പ്രമേയം
തിരുവനന്തപുരം:ബീഹാറിൽ വിവാദമായ വോട്ടർപട്ടിക പരിഷ്ക്കരണം സംസ്ഥാനത്ത് ഇപ്പോൾ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി.ഒഴികെയുളള പാർട്ടികൾ. നിയമസഭയിൽ 29ന് ഇതിനെതിരെ പ്രമേയം കൊണ്ടുവരുമെന്നും നേതാക്കൾ ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ അറിയിച്ചു. എതിർപ്പുകൾ കേന്ദ്ര ഇലക്ഷൻ കമ്മിഷനെ അറിയിക്കുമെന്നും, സംസ്ഥാനത്തെ ഷെഡ്യൂൾ കിട്ടിയാൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ഡോ.രത്തൻ ഖേൽക്കർ വ്യക്തമാക്കി..
സംസ്ഥാനത്ത് ബിഹാർ മാതൃക നടപ്പാക്കാനാകില്ലെന്ന് സി.പി.എം പ്രതിനിധി എം.വി ജയരാജൻ വ്യക്തമാക്കി. 2024ലെ ലോകസഭാതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ പോലും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. 2002ലെ വോട്ടർ പട്ടികയ്ക്ക് പകരം 2024ലെ വോട്ടർപട്ടിക അടിസ്ഥാന രേഖയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആർ നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 12 അടിസ്ഥാന രേഖകളിൽ റേഷൻ കാർഡ് കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുന്നതിന് മുമ്പ് അഞ്ച് ജില്ലകളിൽ ജില്ലാ കലക്ടർമാർ യോഗം നടത്തിയതിലും ,പരിഷ്കരണം.സംബന്ധിച്ച പരാതികളിൽ സുപ്രീംകോടതി തീരുമാനം വരുന്നതിന് മുമ്പ് കേരളത്തിൽ അതിന് ഒരുങ്ങുന്നതിലും ദുരൂഹതയുണ്ടെന്ന് വിമർശനമുയർന്നു. ഇരട്ട വോട്ട് ചേർത്തെന്ന ആരോപണത്തിന് പരിഹാരം
പരിഷ്ണകരണമാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ മറുപടി. അതേസമയം,പരിഷ്കരണത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. വോട്ടർ പട്ടികയിൽനിന്ന് ആരെയും ഒഴിവാക്കുന്നില്ലെന്നും യോഗ്യതയില്ലാത്തവർ പട്ടികയിൽ വരാൻ പാടില്ലെന്നും ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |