SignIn
Kerala Kaumudi Online
Monday, 22 September 2025 1.25 AM IST

 വോട്ടർപട്ടികാ ശുദ്ധീകരണ പ്രക്രിയ ജനമറിയണം ചരിത്രവും വർത്തമാനവും

Increase Font Size Decrease Font Size Print Page
p

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണമാണല്ലോ പുതിയ ചർച്ചാവിഷയം. കേവലം തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരുതലം, ഈ പ്രക്രിയക്ക് പിന്നിലുണ്ടെന്ന് പൊതുജനം തിരിച്ചറിയേണ്ടതുണ്ട്.

പാർലമെന്റിലെ ജനാധിപത്യ ചർച്ചകളിൽപ്പോലും 'പ്രത്യേക രാഷ്ട്രീയം" കലർത്തി രാജ്യ പുരോഗതിയെ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവർ ചരിത്രം പരിശോധിക്കുന്നത് നന്നാവും. വ്യാജ ഐഡന്റിറ്റിയിലൂടെ നേടിയ ആധാറും ഇലക്‌ടറൽ പട്ടികയുമായെത്തിയ അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള യു.പി.എ സർക്കാരിന്റെ 'സ്പോൺസേർഡ്" രാഷ്ട്രീയ വേലകൾ ജനം കണ്ടതാണ്.


2002ൽ, പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പേയിയും ആഭ്യന്തരമന്ത്രി എൽ.കെ.അദ്വാനിയും സംയുക്തമായാണ് ദേശീയ തിരിച്ചറിയൽ കാർഡ് എന്ന സുതാര്യമായ ആശയം മുന്നോട്ടുവച്ചത്. ആഭ്യന്തര മന്ത്രാലയം നിർമ്മിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള തിരിച്ചറിയൽ പ്രക്രിയയെക്കുറിച്ച് ഒരു ധവളപത്രം തയ്യാറാക്കുകയായിരുന്നു ആദ്യപടി. പൗരന്മാരെയും അല്ലാത്തവരെയും തിരിച്ചറിയാനുള്ള മാന്യമായ ഉദ്യമം.

2004ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായ യു.പി.എ സർക്കാർ അധികാരത്തിലെത്തി. ശേഷം,​ 2009ൽ നന്ദൻ നിലേകേനി ചെയർമാനായി യു.ഐ.ഡി.എ.ഐ രൂപീകരിച്ചു. യു.ഐ.ഡി.എ.ഐ, അതിന്റെ ചാർട്ടർ, സാങ്കേതിക വിദ്യ എന്നിവയെക്കുറിച്ച് സുതാര്യമായ അറിയിപ്പുകളോ പൊതുചർച്ചയോ നടത്താൻ തയ്യാറായില്ല.

2010ൽ രാജ്യത്തെ എല്ലാ താമസക്കാർക്കും യു.ഐ.ഡി.എ.ഐ ആധാർ നൽകിത്തുടങ്ങി. ഇതിനായി സ്വകാര്യ ഏജൻസികളുടെ ശൃംഖലയിലൂടെ എൻറോൾമെന്റ് ആരംഭിച്ചു. മാനദണ്ഡങ്ങൾ ലഘൂകരിച്ചതോടെ പൗരത്വം പരിശോധിക്കാനോ പൗരത്വം ഉള്ളവരേയും ഇല്ലാത്തവരേയും വേർതിരിക്കാനോ നടപടിയില്ലാതായി.


2012 ആയപ്പോഴേക്കും യു.ഐ.ഡി.എ.ഐ എൻറോൾമെന്റ് 40 കോടി കവിഞ്ഞു. കർശനമായ പരിശോധനകളുടെ അഭാവം,​ പട്ടികയിൽ 'വ്യാജൻമാരുടെ" ഘോഷയാത്ര സൃഷ്ടിച്ചു. എന്നാൽ,​ ഈ റിപ്പോർട്ടുകൾ മൻമോഹൻ സിംഗ് സർക്കാർ പാടേ അവഗണിച്ചു. ഇതിനിടെ യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി എൻറോൾമെന്റിലെ 'താമസക്കാർ" എന്ന നിർവചനത്തെ ശക്തമായി എതിർത്തു. പ്രധാന പ്രശ്നങ്ങൾ പരിഹരിച്ച് ഈ വിഷയത്തിൽ നേരത്തെയുള്ള നിയമനിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. ഇതോടെ 'റെസിഡന്റ്സ് ഐഡി"യെക്കുറിച്ച് വെളിപ്പെടുത്താനും ചർച്ച ചെയ്യാനുമുള്ള അവസരങ്ങളെ എന്നെന്നേക്കുമായി മൻമോഹൻ സിംഗ് സർക്കാർ കൊട്ടിയടച്ചു.


യു.ഐ.ഡി പദ്ധതി പുനഃപരിശോധിക്കാനും പുതിയ നിയമനിർമ്മാണം കൊണ്ടുവരാനും സർക്കാർ ശുപാർശ ചെയ്തു. യു.ഐ.ഡി ആധാർ ആയി പുനർനാമകരണം ചെയ്യപ്പെടുകയും ആധാറിന് നിയമപരമായ പിന്തുണ നൽകണമെന്ന ആവശ്യം ഉയരുകയും ചെയ്തു. പി.ചിദംബരത്തിന്റെ കീഴിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യു.ഐ.ഡി.എ.ഐ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ഏകോപിപ്പിക്കണമെന്ന് വാദിച്ചെങ്കിലും ഇതിനെ അട്ടിമറിച്ച മൻമോഹൻ സിംഗ് സർക്കാർ,​ സ്വതന്ത്രമായി മുന്നോട്ട് പോകാൻ യു.ഐ.ഡി.എ.ഐയ്ക്ക് അനുമതി നൽകി.

2011- 2013 ൽ എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഈ പ്രക്രിയയിലെ രാജ്യവിരുദ്ധത ചൂണ്ടിക്കാണിച്ചു. ഇതിലെ സുരക്ഷാ വീഴ്ചകൾ ചർച്ചയായി. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികളുടേയും ചാരന്മാരുടേയും കൈകളിൽ നിന്ന് ഇന്ത്യൻ ആധാർ കാർഡുകൾ പിടിക്കപ്പെട്ടു. 2013ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ, ആധാർ ഐ.ഡിയെ വോട്ടവകാശത്തിന്റെ തെളിവായി മാറ്റി. തുടർന്ന് ജസ്റ്റിസ് പുട്ടസ്വാമി, കേണൽ മാത്യു തോമസ്, ഈ ലേഖകൻ തുടങ്ങിയവർ ആധാറിനെതിരെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്ത് നിയമ പോരാട്ടം ആരംഭിച്ചു.

2014ആയപ്പോഴേക്കും രാജ്യത്താകെയുള്ള ആധാർ കാർഡ് എൻറോൾമെന്റ് 65 കോടി കവിഞ്ഞിരുന്നു. 2010 മുതൽ 2016 വരെ ആവശ്യമായ രേഖകളില്ലാതെയും എൻറോൾമെന്റ് പങ്കാളികളുടെ മേൽനോട്ടമില്ലാതെയും വലിയൊരു വിഭാഗം ആധാർ എൻറോൾമെന്റ് നടത്തിയതായി സി.എ.ജി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.


അപേക്ഷകൻ നിർദ്ദിഷ്ട കാലയളവിൽ ഇന്ത്യയിൽ താമസിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിന് യു.ഐ.ഡി.എ.ഐ പ്രത്യേക തെളിവോ രേഖയോ പ്രക്രിയയോ നിർദ്ദേശിച്ചിട്ടില്ല. യു.പി.എ സർക്കാരിന്റെ ബോധപൂർവമായ വികല നയങ്ങൾ കാരണം വ്യാജ നിർമ്മിതി ഉപയോഗിച്ച് ആധാർ നേടിയ നിരവധി അനധികൃത കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത് ഭാരതത്തിന്റെ വോട്ടർ പട്ടികയെ മലിനമാക്കി എന്നു മാത്രമല്ല,​ പ്രാദേശിക ജനസംഖ്യയുടെ സൂത്രവാക്യങ്ങൾ ഉൾപ്പെടെ വികലമാക്കുകയും ചെയ്തിരിക്കുന്നു.

 കുറ്റമറ്റതാക്കി

ആധാർ ഉപേക്ഷിക്കാനുള്ള ആഹ്വാനങ്ങൾക്കിടയിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 20,000 കോടി രൂപയോളം ചെലവഴിച്ചതായി കണക്കാക്കപ്പെടുന്ന പ്രക്രിയയെ, വഴിയിൽ ഉപേക്ഷിക്കാതെ കുറ്റമറ്റതാക്കി നവീകരികരിക്കാനായിരുന്നു മോദി സർക്കാരിന്റെ തീരുമാനം. 2016ൽ ആധാർ നിയമം പാസാക്കിയ നരേന്ദ്ര മോദി സർക്കാർ,​ എൻറോൾമെന്റിന്റെയും കൃത്യമായ ജാഗ്രതയുടെയും പ്രക്രിയകൾ കർശനമാക്കി.

നമ്മുടെ ഐഡന്റിറ്റികളും ജനാധിപത്യവും തിരഞ്ഞെടുപ്പ് പ്രക്രിയകളും ദേശീയ സുരക്ഷയുമെല്ലാം പരസ്പര പൂരകങ്ങളാണ്. ഇതിൽ ഏതെങ്കിലുമൊരു കണികയ്ക്കുണ്ടാകുന്ന 'പരിണാമം" രാജ്യത്തിന്റെയാകെ അഖണ്ഡതയ്ക്ക് ക്ഷതമേൽപ്പിക്കും. ആ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണമെന്ന ഉദ്യമം യാഥാർത്ഥ്യമാവേണ്ടത് ഓരോ ഭാരതീയന്റെയും അസ്തിത്വ സംരക്ഷണത്തിന്റെ അനിവാര്യതയെ കുറിക്കുന്നു. നരേന്ദ്ര മോദിയെന്ന രാജ്യ സേവകൻ അത് നടപ്പാക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്, രാജ്യമൊന്നാകെ ഒപ്പമുണ്ട്...

(ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മുൻ കേന്ദ്രസഹമന്ത്രിയുമാണ് ലേഖകൻ)​

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.