തിരുവനന്തപുരം:പട്ടയഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്ന നിയമം നടപ്പാക്കിയതിന് പിന്നാലെ ദീർഘകാലമായുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ പരിഹാരങ്ങൾ ലക്ഷ്യമിട്ടുള്ള എട്ടുബില്ലുകൾ വരുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കാൻ ഇന്നലെ കൂടിയ മന്ത്രിസഭായോഗം അനുമതി നൽകി.
കേന്ദ്രനിയമങ്ങൾ കൂടി മാറ്റിയാൽ മാത്രം നടപ്പാക്കാനാകുന്ന നിയമങ്ങളാണിവയിൽ ചിലതെങ്കിലും സംസ്ഥാനസർക്കാർ ഇതിന് മുൻകൈയെടുത്തെന്ന് വരുത്തിത്തീർക്കാൻ ബില്ലവതരണത്തിലൂടെ കഴിയുമെന്നതാണ് രാഷ്ട്രീയ നേട്ടം.നിയമസഭാതിരഞ്ഞെടുപ്പിനും തദ്ദേശതിരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം.
മനുഷ്യരെ ആക്രമിക്കുന്ന ആന,കടുവ,പുലി എന്നിവയെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് കിട്ടാനും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനും ഇറച്ചികഴിക്കാനും അനുമതി നൽകുന്ന വനംവന്യജീവി സംരക്ഷണനിയമഭേദഗതി,സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ചുവിറ്റ് പണം വാങ്ങാൻ അനുമതി നൽകുന്ന വനനിയമഭേദഗതി,ഒരുവീട് മാത്രമുള്ളവരെ ജപ്തിയിൽ നിന്ന് സംരക്ഷിക്കാനുള്ള നിയമനിർമ്മാണം,കയർതൊഴിലാളിക്ഷേമനിധിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള നിയമഭേദഗതി, 2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ,
ബോർഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയുള്ള ഹൈക്കോടതി വിധിയെ മറികടക്കാനായി മുനിസിപ്പൽ ആക്ടിലും പഞ്ചായത്ത്ആക്ടിലും ഭേദഗതി വരുത്തിക്കൊണ്ടുള്ള രണ്ട് ബില്ലുകൾ,ഡിജിറ്റൽ റീസർവ്വേയ്ക്ക് ശേഷം സ്വന്തം പറമ്പിൽ അധികമായി കണ്ടെത്തിയ ഭൂമിക്ക് കരം അടച്ച് സ്വന്തമാക്കാൻ അനുമതി നൽകുന്ന 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ, കാളപൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള ബിൽ എന്നിവയാണ് നിയമസഭയിൽ അവതരിപ്പിക്കുക.ഇന്നലെ ബില്ലുകൾ അംഗീകരിക്കാൻ വേണ്ടി മാത്രം ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. നാളെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ബില്ലുകൾ പാസാക്കാനാണ് ചേരുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചേരുന്ന സമ്മേളനം എന്ന നിലയിൽ പ്രക്ഷുബ്‌ധമായിരിക്കും സഭാസമ്മേളനം.പൊലീസ് മർദ്ദനം സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തും,രാഹുൽമാങ്കൂട്ടത്തിനെതിരായ ആരോപണം പ്രതിപക്ഷത്തെ അടിക്കാൻ ഭരണപക്ഷവും ഉപയോഗിക്കും.തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ, യൂണിവേഴ്സിറ്റി ഭരണസ്തംഭനം എന്നിവയും നിയമസഭയിൽ ഉയർന്നേക്കാം.
നിയമസഭാ സമ്മേളനം നാളെ മുതൽ
കസ്റ്റഡി മർദ്ദനം, രാഹുൽ മാങ്കൂട്ടത്തിൽ കേസ് അടക്കം നിരവധി ചൂടേറിയ വിഷയങ്ങളുമായി നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, പീരുമേട് എം.എൽ.എ വാഴൂർ സോമൻ എന്നിവർക്ക് ആദരാഞ്ജലിയർപ്പിച്ച് തിങ്കളാഴ്ച സഭ പിരിയും. അടുത്ത മൂന്നു ദിവസം സർവകലാശാല വൈസ്ചാൻസലർ നിയമനത്തിലെ ഭേദഗതിയടക്കമുള്ള ബില്ലുകൾ പരിഗണിക്കും. ഏക പാർപ്പിടത്തിന്റെ ജപ്തിയൊഴിവാക്കാനുള്ളതടക്കം 8 ബില്ലുകളുടെ കരടിന് ഇന്നലെ മന്ത്രിസഭായോഗം അനുമതി നൽകി. ഇവയും സഭയിൽ അവതരിപ്പിക്കും.
ആരോപണങ്ങളെത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നൊഴിവാക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും. പ്രതിപക്ഷ നിരയ്ക്ക് പിന്നിലായി നേരത്തേ പി.വി അൻവറിന് അനുവദിച്ച സീറ്റാവും രാഹുലിന് നൽകുക. വിവിധ സ്റ്റേഷനുകളിലെ പൊലീസ് മർദ്ദനങ്ങളും സഭയിൽ ചൂടേറിയ ചർച്ചയാവും. അടിയന്തര പ്രമേയമായി പൊലീസ് മർദ്ദനങ്ങൾ പ്രതിപക്ഷം സഭയിൽ കൊണ്ടുവരും. ഒക്ടോബർ 9 വരെ സഭാസമ്മേളനം നീളും. ഇടയ്ക്ക് അവധി ദിനങ്ങളുള്ളതിനാൽ 12 ദിവസമാവും സഭ സമ്മേളിക്കുക. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് പങ്കെടുക്കുന്ന ആദ്യ നിയമസഭാ സമ്മേളനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |