കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി യു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈ ധാരണാപത്രം ഒപ്പുവച്ചു. സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, ആർട്സ്, മാത്തമാറ്റിക്സ് (എസ്.ടി.ഇ.എം) എന്നിവയിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും പുതുതലമുറയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ അമേരിക്കൻ കോർണർ സ്ഥാപിക്കുന്നതിനാണിത്. യു.എസ് എജ്യുക്കേഷൻ ട്രേഡ് ഡെലിഗേഷന്റെ കുസാറ്റ് സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യു.എസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്ജസും കുസാറ്റ് രജിസ്ട്രാർ പ്രൊഫ.ഡോ.വി. മീരയുമാണ് ധാരണാപത്രം ഒപ്പുവച്ചത്. അമേരിക്കൻ സ്പേസ് ശൃംഖലയുടെ ഭാഗമാകും കുസാറ്റിലെ അമേരിക്കൻ കോർണർ. കുസാറ്റും അമേരിക്കൻ സർവകലാശാലകളും തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റത്തിനും ഗവേഷണ പങ്കാളിത്തത്തിനും കൂടുതൽ അവസരവുമൊരുങ്ങും. വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ സന്നിഹിതനായിരുന്നു.
തീരനിയന്ത്രണ വിജ്ഞാപനത്തിൽ ഇളവുകളുള്ള
പഞ്ചായത്തുകളുടെ എണ്ണം കുറച്ചതിനെതിരെ ഹർജി
കൊച്ചി: തീരനിയന്ത്രണ മേഖലാവിജ്ഞാപനത്തിൽ കെട്ടിട നിർമ്മാണത്തിന് ഇളവുകളുള്ള പഞ്ചായത്തുകളുടെ എണ്ണം 66 ആയി കുറച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. കരടു വിജ്ഞാപന രൂപീകരണസമയത്ത് 175 തീരദേശ പഞ്ചായത്തുകളെ സി.ആർ.ഇസഡ് - രണ്ടിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കാമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനുള്ള ശുപാർശ ദേശീയ തീരദേശ മാനേജ്മെന്റ് അതോറിറ്റിക്ക് അയച്ചപ്പോൾ 66 പഞ്ചായത്തുകൾക്ക് ഇളവ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശിച്ചത്. ഇതോടെ ശേഷിക്കുന്ന 109 പഞ്ചായത്തുകൾ നിർമ്മാണങ്ങൾ പാടില്ലാത്ത സി.ആർ.ഇസഡ് - മൂന്നിൽ ഉൾപ്പെട്ടു.
എന്നാൽ മാർഗനിർദ്ദശ പ്രകാരം പഞ്ചായത്തുകളുടെ പ്ലാൻ രൂപീകരിക്കുന്ന ഘട്ടത്തിലുള്ള അവസ്ഥയാണ് പരിഗണിക്കേണ്ടതെന്ന് ഹർജിയിൽ പറയുന്നു. ഇതനുസരിച്ച് 175 പഞ്ചായത്തുകളും സി.ആർ.ഇസഡ് - രണ്ടിൽ വരുന്നതിന് അർഹതയുള്ളതാണെന്നും അത് നിഷേധിച്ച ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടറിയിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദ്ദേശിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ഭൂവുടമ ജോർജ് ചെറിയാനുവേണ്ടി മുക്ത്യാർ തോമസ് വർഗീസാണ് ഹർജി നൽകിയത്. ഹർജി മാർച്ച് 20ന് വീണ്ടും പരിഗണിക്കും.
എല്ലാ പഞ്ചായത്തുകളിലും ഇനി ഹോമിയോ ഡിസ്പെൻസറി
തിരുവനന്തപുരം : സംസ്ഥാനത്ത് 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവായതോടെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ യാഥാർത്ഥ്യമാകുന്നു. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചതായി മന്ത്രി വീണാജോർജ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും നാഷണൽ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ്
35 ഗ്രാമ പഞ്ചായത്തുകളിലും 5 മുൻസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നത്. മലപ്പുറം മുതുവല്ലൂർ, പെരുവള്ളൂർ, വേങ്ങര, പൊൻമുണ്ടം, വെട്ടത്തൂർ, മേലാറ്റൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, കണ്ണമംഗലം, മങ്കട, കീഴാറ്റാർ, പാലക്കാട് അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂർ, കുമരംപുത്തൂർ, നെല്ലായ, വടവന്നൂർ, കൊടുമ്പ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂർ, അയിലൂർ, പട്ടഞ്ചേരി, തൃശൂർ വാടാനപ്പള്ളി, ചേർപ്പ്, ചൂണ്ടൽ, ദേശമംഗലം, കാട്ടൂർ, വല്ലച്ചിറ, ഒരുമനയൂർ, കോഴിക്കോട് ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂർ ഗ്രാമപഞ്ചായത്തുകളിലും കോഴിക്കോട് വടകര, പാലക്കാട് മണ്ണാർക്കാട്, ഷൊർണൂർ, എറണാകുളം ഏലൂർ, കളമശേരി മുനിസിപ്പാലിറ്റികളിലുമാണ് ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |