ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ടെത്തുന്ന മുൻകൂർ ജാമ്യാപേക്ഷകളിൽ വാദം കേൾക്കുന്ന കേരള ഹൈക്കോടതിയുടെ പ്രവണതയെ വിമർശിച്ച് സുപ്രീംകോടതി. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലുമില്ലാത്ത പ്രവണതയാണിതെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിലെ പോക്‌സോ കേസിലെ പ്രതി സി. മുഹമ്മദ് റസലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്.
സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ടെത്തിയ പ്രതിയുടെ വാദം കേട്ട് കേരള ഹൈക്കോടതി ജാമ്യഹർജി തള്ളിയിരുന്നു. ഗുരുതര കേസുകളിൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, അങ്ങനെയല്ലാതെ എത്തുന്ന ഹർജികളെ കേരള ഹൈക്കോടതി പതിവായി സ്വീകരിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ? ക്രിമിനൽ നടപടിക്രമത്തിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും കോടതികളുടെ അധികാരശ്രേണി കൃത്യമായി വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. കേസിലെ യഥാർത്ഥ വസ്‌തുതകൾ ഹൈക്കോടതിക്ക് മുന്നിലെത്താത്ത സാഹചര്യമുണ്ടായേക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രതി ആദ്യം സെഷൻസ് കോടതിയെ സമീപിക്കണമോയെന്ന വിഷയം വിശദമായി പരിശോധിക്കും. മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഹൈക്കോടതി രജിസ്ട്രാർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ഒക്ടോബർ 14ന് വീണ്ടും പരിഗണിക്കും. അതേസമയം,പ്രതിക്ക് സുപ്രീംകോടതി നേരത്തെ അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം ഇന്നലെ സ്ഥിരജാമ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |