കൊച്ചി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.ബി. അശോകിനെ കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനത്തേക്ക് മാറ്റിയ സർക്കാർ നടപടി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. അശോകിന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം. ഇന്ന് വീണ്ടും കൃഷി വകുപ്പിൽ അദ്ദേഹം ചുമതലയേൽക്കും. സർക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് കാട്ടി അശോക് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി. 16ന് വീണ്ടും പരിഗണിക്കും.
കേരപദ്ധതിയുടെ വാർത്താചോർച്ചയുമായി ബന്ധപ്പെട്ടായിരുന്നു അശോകിന്റെ സ്ഥാനചലനം. വാർത്താചോർച്ച അന്വേഷിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സ്ഥലംമാറ്റമുണ്ടായത്. കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോർട്ടിൽ ചോദിച്ചിരുന്നു. പുതിയ പദവി ഏറ്റെടുക്കാതെ അശോക് അവധിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷനിലേക്ക് സ്ഥലംമാറ്റിയ ഉത്തരവും ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.
കീഴ്‌വഴക്കങ്ങൾ പാലിക്കാതെയും പ്രതികാര നടപടിയെന്ന നിലയിലും ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന പരാതി കണക്കിലെടുത്താണ് രണ്ടുതവണയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് തടഞ്ഞത്. ഇത് സർക്കാരിന് തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |