ഗോകുൽ സുരേഷിനേയും നിരഞ്ജിനേയും പ്രധാന കഥാപാത്രങ്ങളാക്കി അനിൽ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂത്രക്കാരൻ. മാർച്ച് ആദ്യവാദം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്.
ഗോകുലിന്റെ മാസ് ഗെറ്റപ്പ് ആണ് ട്രെയിലറിലെ പ്രധാന ആകർഷണം. ഇത് ജൂനിയർ ചാക്കോച്ചിയാണെന്നും പഴയകാല സുരേഷ് ഗോപിയെ ഓർമിപ്പിക്കുന്ന വിധമാണ് ഗോകുലിന്റെ ഗെറ്റപ്പെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം. വർഷയാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, ധർമജൻ ബോൾഗാട്ടി, സ്വാസിക, കൈലാഷ്, വിജയരാഘവൻ, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഗാനരചന, സംഗീത സംവിധാനം വിച്ചു ബാല മുരളി. അനിൽനായരാണ് ഛായാഗ്രാഹകൻ. സ്മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളി, ടോമി.കെ.വർഗ്ഗീസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ട്രാഫിക്കിലൂടെ മലയാള സിനിമയെ വലിയൊരു മാറ്റത്തിലേക്ക് കൈപിടിച്ചുയർത്തിയ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. പുത്തൻ പരീക്ഷണങ്ങളോട് എന്നും സഹകരിച്ചിട്ടുള്ള മാജിക് ഫ്രെയിംസ്, സൂത്രകാരനിലൂടെ താര പുത്രന്മാരുടെ കോംബോ മാജിക് പ്രേക്ഷകന് സമ്മാനിക്കാനുള്ള അണിയറ തിരക്കിലാണ്. ചിത്രം മാർച്ച് 8ന് തീയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |