
മുംബയ്: ഇസ്രയേലിൽ ഛത്രപതി ശിവാജി മഹാരാജാവിന്റെ പ്രതിമ സ്ഥാപിക്കാനുളള പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ. ജൂതന്മാരും ഇന്ത്യയുമായുള്ള അവഗണിക്കപ്പെട്ടുകിടക്കുന്ന ബന്ധത്തെ വെളിച്ചത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. ശിവാജി മഹാരാജാവിന്റെ പട്ടാഭിഷേക വാർഷികമായ ശിവരാജ്യാഭിഷേക് ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്ത സൈന്യത്തോടും, അവരുടെ നാവികപ്പടയോടും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിറുത്തിയാണ് പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം. പ്രഖ്യാപനത്തെ ചരിത്രപരമെന്നുംഅഭിമാനകരമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശേഷിപ്പിച്ചത്. മറ്റുസ്ഥലങ്ങളിൽ നിന്ന് ജൂതന്മാർ ഭീഷണി നേരിട്ടിരുന്ന കാലത്ത് ഒരുതരത്തിലുള്ള പീഡനങ്ങളും നേരിടാതെ അവർ താമസിച്ചിരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. അവർ ശിവാജിയുടെ സൈന്യത്തിലും അംഗങ്ങളായിരുന്നു. പിൽക്കാലത്ത് ബ്രിട്ടീഷ്- ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.
'ഇന്ത്യയും ജൂത ജനതയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. മഹാരാജാവിന്റെ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയിൽ സ്മാരകം നിർമ്മിക്കുന്നതിന് ഞങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹകരണം തേടുകയും അദ്ദേഹം അത് ഉടൻ സമ്മതിക്കുകയും ചെയ്തു. പ്രതിമ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ അടയാളമായി നിലകൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മഹാരാഷ്ട്രയും ഇന്ത്യൻ ജൂതസമൂഹവും തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സ്മാരകം തികച്ചും അർത്ഥവത്തായിരിക്കും'- ഇസ്രയേൽ കോൺസുൽ ജനറൽ യാനിവ് റെവാച്ച് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |