
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട കാർ സ്ഫോടനക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി. പ്രതി ബോംബ് നിർമ്മിക്കാൻ ചാറ്റ് ജിപിടിയും യൂട്യൂബും ഉപയോഗിച്ചതായാണ് എൻഐഎയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം നവംബർ 10ന് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ മെയ് 14-ന് സമർപ്പിച്ച 7,500 പേജുള്ള കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ആഗോള ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ അൻസാർ ഗസ്‌വത്തുൽ ഹിന്ദിലെ അംഗമായ ജാസിർ ബിലാൽ വാനിയയാണ് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ കൃത്രിമ ബുദ്ധി ദുരുപയോഗം ചെയ്തത്. ഒരു റോക്കറ്റ് എങ്ങനെ നിർമ്മിക്കാം, അതിലെ മിശ്രിതങ്ങളുടെ അനുപാതം എന്തായിരിക്കണം എന്നതിനെക്കുറിച്ചാണ് പ്രതി ചാറ്റ് ജിപിടിയിലും യൂട്യൂബിലും തിരഞ്ഞത്. ഇത്തരത്തിൽ നിർമ്മിച്ച റോക്കറ്റ് ഐഇഡികൾ പ്രതികൾ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള ഖാസിഗുണ്ട് വനമേഖലയിൽ വച്ച് പരീക്ഷിച്ചതായും എൻഐഎ കണ്ടെത്തി.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്‌കാർട്ട് വഴിയാണ് പ്രതികൾ ബോംബ് നിർമ്മിക്കാൻ ആവശ്യമായ സെൻസറുകൾ, റിമോട്ട് കൺട്രോൾ സ്വിച്ചുകൾ, സോൾഡറിംഗ് കിറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങിയതെന്നും എൻഐഎ കണ്ടെത്തി. ഡ്രോണുകൾ ഉപയോഗിച്ച് സുരക്ഷാ ക്യാമ്പുകളെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
സ്ഫോടനത്തിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 11 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിൽ സ്ഫോടകവസ്തുക്കൾ നിറഞ്ഞ കാർ ഓടിച്ചിരുന്ന ഡോ. ഉമർ നബി, പ്രതിക്ക് ആവശ്യമായ രാസവസ്തുക്കൾ എത്തിച്ചു നൽകിയ ഡോ. അദീൽ അഹമ്മദ്, പരീക്ഷണങ്ങൾക്ക് നിർദേശം നൽകിയ ഡോ.മുസമ്മിൽ ഷക്കീൽ എന്നിവരാണ് മറ്റു പ്രതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |