
മൂവാറ്റുപുഴ: കിടപ്പുരോഗിയായ വയോധികയുടെ വായിൽ തുണി തിരുകി പട്ടാപ്പകൽ 10 പവന്റെ സ്വർണാഭരണങ്ങൾ കവർന്നെന്ന പരാതിയിൽ ദുരൂഹതയെന്ന് പൊലീസ്. നോർത്ത് മാറാടി മഞ്ചേരിപ്പടിയിൽ പൂമറ്റത്തിൽ മറിയാമ്മ (86)യുടെ കൈയിലും കഴുത്തിലുമുണ്ടായിരുന്ന ആഭരണങ്ങൾ ഇന്നലെ രാവിലെ എട്ടു മണിയോടെ കവർച്ച ചെയ്തെന്നാണ് പരാതി.
അവിവാഹിതയായ മറിയാമ്മയുടെ വീട്ടിൽ സഹായിയായി തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ഹോം നഴ്സ് സുധ മാത്രമാണുള്ളത്. ഒരേ വളപ്പിൽ തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ പോൾ പള്ളിയിൽ പോയിരിക്കുകയായിരുന്നു. ഡൽഹി ആരോഗ്യവകുപ്പിൽ നിന്ന് നഴ്സിംഗ് സൂപ്രണ്ടായിരുന്നു മറിയാമ്മ.
മുൻവാതിൽ വഴി കയറിയ മോഷ്ടാവ് മറിയാമ്മയുടെ ആഭരണങ്ങൾ ഉൗരിയെടുത്തെന്നും വായിൽ തുണിതിരുകിയെന്നും രാവിലെ എട്ടു മണിയോടെ പോളിനെ സുധ അറിയിക്കുകയായിരുന്നു. പോളിൽ നിന്ന് വിവരമറിഞ്ഞെത്തിയ പൊലീസിന് മറിയാമ്മയുടെ ദേഹത്ത് പരിക്കുകളൊന്നും കാണാനായില്ല. വായിൽ തിരുകിയ തുണിയും കണ്ടെത്താനായില്ല. ഇത് മോഷ്ടാവ് തിരികെ കൊണ്ടുപോയെന്ന് സുധ പൊലീസിനോട് പറഞ്ഞു. അഞ്ചു പവൻ വരുന്ന നാലു വളയും ലോക്കറ്റുള്ള അഞ്ചു പവന്റെ മാലയുമാണ് മറിയാമ്മ ധരിച്ചിരുന്നത്.
വീട്ടിൽ നിന്ന് ബഹളം കേട്ട് ഓടിയെത്തിയപ്പോൾ തള്ളി വീഴ്‌ത്തി മുറിയോട് ചേർന്ന ടോയ്ലെറ്റിലിട്ട് വാതിൽ അടച്ചെന്നും പ്ളൈവുഡ് വാതിൽ പൊളിച്ചിറങ്ങിയാണ് വിവരം പോളിനെ അറിയിച്ചതെന്നുമാണ് സുധയുടെ മൊഴി. പരസ്പര വിരുദ്ധമായാണ് മറിയാമ്മയുടെയും മൊഴി.
മൂവാറ്റുപുഴ - പിറവം റോഡിൽ മഞ്ചേരിപ്പടിയിലുള്ള ഇടവഴിയിലെ അവസാനത്തെ വീടാണ് മറിയാമ്മയുടേത്. ഇവിടെ സി.സി ടി.വി ക്യാമറകൾ ഇല്ല. പ്രധാനറോഡുകളിലെ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഹോം നഴ്സ് കസ്റ്റഡിയിൽ
സുധയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ കോൾവിവരങ്ങൾ പരിശോധിക്കുന്നുണ്ട്. പുറത്തുനിന്ന് ആരെങ്കിലും വന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. സുധ അഞ്ചു മാസം മുമ്പാണ് ജോലിക്കെത്തിയത്. അടിമാലി ഇരുന്നൂറേക്കറിലെ സുധീർ ആണ് രണ്ടാം ഭർത്താവ്. ഇയാൾക്കും മൂവാറ്റുപുഴയിലാണ് ജോലി.
സ്വർണഭ്രമമുള്ള മറിയാമ്മയുടെ ആഭരണങ്ങൾ സഹോദരൻ പോൾ വാങ്ങി ലോക്കറിൽ വച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഇതിൽനിന്ന് അപഹരിക്കപ്പെട്ടവ എടുത്ത് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |