35 വർഷം വീട്ടുജോലി ചെയ്‌ത ഇന്ത്യാക്കാരനോട് സൗദി കുടുംബം ചെയ്‌തത് മാതൃകയാകുന്നു

Tuesday 04 December 2018 12:24 PM IST
mido-shereef

റിയാദ്: സ്വന്തമെന്ന് കരുതി നെഞ്ചോട് ചേർത്ത് വച്ചവർക്ക് വേണ്ടി മണലാരണ്യത്തിൽ ചോര നീരാക്കാൻ വിധിക്കപ്പെട്ടവരാണ് ഒട്ടുമിക്ക പ്രവാസികളും. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് വിമാനം കയറുന്ന പലർക്കും പ്രതീക്ഷിച്ചതൊന്നും ഇവിടെ ലഭിക്കാറില്ലെന്നതാണ് സത്യം. പതിറ്റാണ്ടുകൾ സേവനം ചെയ്‌ത തൊഴിലുടമയെ വിട്ടുപോകുമ്പോൾ വെറും കൈയ്യോടെ മടങ്ങേണ്ടി വരുന്ന കദനകഥകൾ എത്രയോ പ്രവാസികൾ പങ്കുവച്ചിരിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം തന്റെ 35 വർഷത്തെ സേവനം പൂർത്തിയാക്കി സൗദി കുടുംബത്തിൽ നിന്നും പടിയിറങ്ങിയ ഇന്ത്യാക്കാരനായ മിഡോ ഷെരീന് പറയാനുള്ളത് വ്യത്യസ്‌തമായ മറ്റൊരു കഥയാണ്. രാജകീയ യാത്രയയപ്പ് നൽകിയാണ് മിഡോയെ സൗദി കുടുംബം തിരിച്ച് അയച്ചത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


1980 കാലഘട്ടത്തിലാണ് മിഡോ സൗദി അറേബ്യയിലെ അൽ ജൗഫിൽ സ്വദേശി കുടുംബത്തിന്റെ വീട്ടിൽ ജോലിക്കാരനായി എത്തുന്നത്. വീട്ടിലെ കൃഷിയും റസ്‌റ്റ് ഹൗസിലെ കാപ്പി വിതരണവുമായിരുന്നു മിഡോയുടെ ജോലി. ഇതുവഴി പോകുന്ന യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ നൽകാനാണ് സൗദി കുടുംബം റസ്‌റ്റ് ഹൗസ് പണിതത്. ഇത്രയും നാളും കുടുംബത്തിലെ ഒരംഗത്തെപ്പോലെ ജോലി ചെയ്‌ത മിഡോ തന്റെ അവസാന കാലത്ത് സ്വന്തം കുടുംബത്തിനൊപ്പം താമസിക്കണമെന്ന ആഗ്രഹത്താലാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. ആരോഗ്യാവസ്ഥ മോശമായതും ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചെന്നും മിഡോ വ്യക്തമാക്കുന്നു.

gulf-news

സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് മിഡോയെ എല്ലാവരും യാത്രയാക്കിയത്. വരിവരിയായി നിന്ന് കെട്ടിപ്പിടിച്ച് സ്‌നേഹ ചുംബനങ്ങൾ നൽകി കൈ നിറയെ പണവും സമ്മാനങ്ങളും നൽകാനും കുടുംബം മറന്നില്ല. ഇത്രയും വർഷം തങ്ങളെ സേവിച്ചതിന് പെൻഷൻ എന്ന നിലയിൽ ഓരോ മാസവും പെൻഷൻ എന്ന നിലയിൽ ഒരു തുക അയച്ചു നൽകുമെന്നും കുടുംബാംഗം അവാദ് ഖുദൈർ അൽ റെമിൽ അൽ ഷെമീരി വ്യക്തമാക്കി. കുടുംബാംഗങ്ങളോട് വളരെ നല്ല രീതിയിലാണ് മിഡോ പെരുമാറിയത്. തങ്ങളിൽ ഒരാളെപ്പോലെയാണ് മിഡോയെ കുടുംബാംഗങ്ങളും കണ്ടിരുന്നത്. സൗദിയുടെ മൂല്യമാണ് ഇപ്പോൾ ഞങ്ങൾ ചെയ്‌തിരിക്കുന്നത്. അതിന് രാജ്യമോ പദവിയോ വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

gulf-news

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD