ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഗുരുതര സുരക്ഷാ വീഴ്‌ച

Friday 12 October 2018 10:38 PM IST
facebook

ന്യൂയോർക്ക്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്കിൽ ഗുരുതര സുരക്ഷാവീഴ്‌ച. ഫേസ്ബുക്കിൽ നിന്നും 2.9കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് കമ്പനി അധികൃതർ തന്നെയാണ് സമ്മതിച്ചത്. ഫേസ്ബുക്കിലെ വ്യൂ ആസ് എന്ന സംവിധാനം ഉപയോഗിച്ചാണ് സെ‌പ്‌തംബറിൽ ഹാക്കർമാർ വ്യക്തിവിവരങ്ങൾ ചോർത്തിയത്. നേരത്തെ ഇത് സംബന്ധിച്ച നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും അൽപം മുമ്പാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്. തങ്ങളുടെ പ്രൊഫൈൽ ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന് മനസിലാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും ഫേസ്ബുക്ക് പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.

ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച്ചയിലൂടെ സ്‌പെഷ്യൽ ഡിജിറ്റൽ കീ വിവരങ്ങൾ കരസ്ഥമാക്കിയ ഹാക്കർമാർ പാസ്‌വേഡ് വീണ്ടും നൽകാതെ തന്നെ ആളുകളുടെ അക്കൗണ്ടിൽ കയറി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ്‌ കമ്പനി നൽകുന്ന വിശദീകരണം. ആദ്യഘട്ടത്തിൽ 5 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെട്ടെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഏകദേശം 2.9 കോടി ആളുകളുടെ വ്യക്തിവിവരങ്ങളാണ് ചോർത്തപ്പെട്ടതെന്ന് മനസിലായത്. നിലവിൽ ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്‌ച പരിഹരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്നോ എന്താണ് ഇവരുടെ ലക്ഷ്യമെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD