സുന്ദരി മെ‌ർമെയ്ഡിനു പിന്നിലെ കണ്ണീർക്കഥകൾ

Thursday 06 December 2018 10:42 PM IST
doll

കാലിഫോർണിയ: ലോക പ്രശസ്തമായ ഡിസ്നിയുടെ പാവകൾ സ്വന്തമാക്കാൻ കൊതിക്കാത്ത ഏത് കുട്ടികളുണ്ട് ! പാവപ്രേമികളുടെ പ്രിയങ്കരിയാണ് മിനുമിനുങ്ങുന്ന നീല ഉടയാടയും ചുവന്ന തലമുടിയുമുള്ള വട്ടം കറങ്ങുന്ന, ഡിസ്നിയുടെ 'ഏരിയൽ ഡോൾ" എന്ന മത്സ്യകന്യക. പാവയൊന്നിന് 35 പൗണ്ടാണ് വില. ഏതാണ്ട് 3164 രൂപ. എന്നാൽ സുന്ദരിപ്പാവകൾക്കു പിന്നിൽ അത്ര സുന്ദരമല്ലാത്ത ചില കഥകളുണ്ട്. 35 പൗണ്ട് വിലവരുന്ന ഒരു പാവ നിർമ്മിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്നത് വെറും ഒരു 'പെന്നി" മാത്രമാണ്. സോളിഡാർ സൂസെ, ചൈന ലേബർ വാച്ച് എന്നീ സംഘടനകൾ ഗാർഡിയനുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പാവനിർമ്മാണത്തിനു പിന്നിലെ തൊഴിൽ ചൂഷണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തായത്.

പടിഞ്ഞാറൻ രാജ്യങ്ങളിൽ ക്രിസ്മസ് പുതുവർഷങ്ങളിൽ ഡിസ്നിയുടെ മത്സ്യകന്യകകൾക്ക് ആവശ്യക്കാരേറെയാണ്. കൈമാറുന്ന സമ്മാനപ്പൊതികളിലേറെയും ഡിസ്നിയുടെ ലിറ്റിൽ മെർമെയ്ഡ് (കുഞ്ഞൻ മത്സ്യകന്യക) ആയിരിക്കും.

എന്നാൽ കച്ചവടം ഇരട്ടിയാക്കാനായി ഡിസ്നിയുടെ തൊഴിലാളികളെ അവധി പോലും നൽകാതെ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിച്ച് തുച്ഛമായ അടിസ്ഥാന ശമ്പളം നൽകി പീഡിപ്പിക്കുകയാണെന്ന് അന്വേഷണത്തിൽ തെളിയുന്നു. ഒഴിവു ദിവസങ്ങളോ മെഡിക്കൽ അവധികളോ നൽകാതെ ഉത്സവകാലത്തെ വില്പന പൊടിപൊടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചൂഷണത്തിനിരയാകുന്നവരിലേറെയും സ്ത്രീകളുമാണ്. പുരുഷന്മാരെക്കാൾ കുറഞ്ഞ ശമ്പളം മാത്രം നൽകിയാൽ മതിയെന്നതിനാൽ തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മൂന്ന് ദിവസത്തിൽ കൂടുതൽ അവധിയെടുക്കുന്നവരെ പുറത്താക്കുന്നതും സ്ഥിരം സംഭവമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD